ചെന്നൈ: രജനികാന്തിൻറെ കരിയറിൽ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറിയിരിക്കുകയാണ് ജയിലർ. 600 കോടി ക്ലബിലേക്ക് കുതിക്കുന്ന ചിത്രത്തിൻറെ വിജയാഘോഷത്തിലാണ് ഇപ്പോൾ നിർമ്മാതാക്കളായ സൺ പിക്ചേർസ്. ഇതിൻറെ ഭാഗമായി ചിത്രത്തിലെ നായകൻ രജനികാന്തിനും, സംവിധായകൻ നെൽസൺ ദിലീപ് കുമാറിനും വലിയ സമ്മാനങ്ങളാണ് സൺപിക്ചേർസ് ഉടമ കലാനിധിമാരൻ കൈമാറിയത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ വാർത്തയാണ്.
രജനികാന്തിനെ വീട്ടിൽ സന്ദർശിച്ച കലാനിധി മാരൻ അദ്ദേഹത്തിന് നൂറുകോടിയുടെ ചെക്ക് കൈമാറിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ട വിവരം. അതിന് പിന്നാലെ ബിഎംഡബ്യൂ എക്സ് 7 കാറും സൂപ്പർതാരത്തിന് ജയിലർ നിർമ്മാതാവ് സമ്മാനിച്ചു. ഈ കാറിന് ഒന്നേകാൽ കോടി രൂപ വിലവരും. അതിന് പിന്നാലെയാണ് സംവിധായകൻ നെൽസൺ ദിലീപ് കുമാറിനും ചെക്കും പോർഷെ കാറും നിർമ്മാതാവ് നൽകിയത്.
എന്നാൽ ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചിത്രത്തിലെ മറ്റു താരങ്ങൾക്ക് സമ്മാനവും തുകയും ഒന്നുമില്ലെ എന്ന ചോദ്യം ഉയരുകയാണ്. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച് ക്യാമിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് കേരളത്തിൽ ജയിലർ നേടിയ വൻ കളക്ഷന് പിന്നിൽ ‘മാത്യുസ്’ എന്ന റോളിൻറെ സ്വാധീനമുണ്ട് എന്ന രീതിയിൽ സംസാരം നടന്നിരുന്നു. അതിനാൽ മോഹൻലാലിനും സമ്മാനത്തിന് അർഹതയുണ്ടെന്ന ചർച്ചയാണ് ചൂടുപിടിക്കുന്നത്.
ഒപ്പം തന്നെ ചിത്രത്തിൽ ഉടനീളം രജനിക്ക് എതിരാളിയായി നിന്ന് ചിത്രത്തിലെ പ്രധാന വില്ലനായ വിനായകൻറെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. അതിനാൽ തന്നെ വിനായകനും വിജയത്തിൻറെ പങ്കിന് അർഹതയുണ്ടെന്നാണ് സോഷ്യൽ മീഡിയ ചർച്ച. അതിനൊപ്പം ചിത്രത്തിനെ പലയിടത്തും മറ്റൊരു ലെവലിൽ എത്തിച്ച സംഗീത സംവിധായകൻ അനിരുദ്ധിന് നിർമ്മാതാക്കൾ എന്ത് നൽകും എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇത് പോലെ കർണാടകത്തിൽ അടുത്തകാലത്ത് ഏറ്റവും കളക്ഷൻ നേടിയ തമിഴ് ചിത്രമാണ് ജയിലർ. അതിന് പ്രധാന കാരണം ശിവരാജ് കുമാറിൻറെ സാന്നിധ്യമാണ്. അദ്ദേഹത്തിന് എന്ത് നൽകും എന്ന ചോദ്യവും ഉയരുന്നുണ്ട്.
അതേ സമയം രജനിയുമായും, നെൽസണുമായും സൺ പിക്ചേർസിന് പ്രോഫിറ്റ് ഷെയറിംഗ് കരാർ ഉണ്ടായിരുന്നുവെന്നും അതാണ് അവർക്ക് ചെക്ക് നൽകിയത് എന്നുമാണ് തമിഴ് സിനിമ ലോകത്തെ സംസാരം. നെൽസന് നൽകിയ ചെക്ക് എത്ര തുകയുടെതാണ് എന്ന് വ്യക്തമല്ല. അതേ സമയം ഇരുവർക്കും സമ്മാനിച്ച കാറുകൾ സൺ പിക്ചേർസ് സമ്മാനമായി നൽകിയതാണ്. ചിലപ്പോൾ ഈ രീതിയിൽ അടുത്ത ദിവസങ്ങളിൽ മറ്റു താരങ്ങൾക്കും സമ്മാനം ലഭിച്ചേക്കാം എന്നാണ് വിവരം. അതേ സമയം നേരത്തെ വന്ന വാർത്തകൾ പ്രകാരം മോഹൻലാലിന് ജയിലർ ചിത്രത്തിൽ അഭിനയിക്കാൻ 8 മുതൽ 9 കോടി വരെ പ്രതിഫലം നൽകിയിട്ടുണ്ടെന്നാണ് വിവരം. ശിവരാജ് കുമാറിന് 5കോടിക്ക് അടുത്തായിരുന്നു പ്രതിഫലം.