IndiaNEWS

അച്ഛനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ 16 വയസ്സുള്ള മകള്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍ 

മധുര: തമിഴ്നാട്ടിലെ തേനിയില്‍ 55-കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ 16 വയസ്സുള്ള മകള്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍.തേനിയിലെ  വ്യാപാരിയായ 55-കാരനെ മാരകമായി വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തിലാണ് അറസ്റ്റ്.

ഇയാളുടെ മകളായ 16-കാരിയെയും കാമുകനായ എ. മുത്തുകാമാച്ചി(23) കൂട്ടാളികളായ ശെല്‍വകുമാര്‍(23) കണ്ണപ്പൻ(21) എന്നിവരെയുമാണ് സംഭവത്തിൽ പോലീസ് പിടികൂടിയത്. 16-കാരിയും കാമുകനും ചേര്‍ന്നാണ് പിതാവിനെ കൊല്ലാനുള്ള പദ്ധതി ആസൂത്രണം ചെയ്തതെന്നും ഇവരുടെ പ്രണയത്തെ എതിര്‍ത്തതാണ് ആക്രമണത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.

ഓഗസ്റ്റ് 26 ശനിയാഴ്ചയാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന 55-കാരനെ മുത്തുകാമാച്ചിയും സുഹൃത്തുക്കളായ രണ്ടുപേരും ചേര്‍ന്ന് ആക്രമിച്ചത്. ബൈക്ക് തടഞ്ഞുനിര്‍ത്തി 55-കാരനെ തള്ളിയിട്ടശേഷം അരിവാള്‍ കൊണ്ട് മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.

Signature-ad

സംഭവത്തിന് പിന്നാലെ പ്രതികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ പിന്നീട് നാട്ടുകാരാണ് തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.

സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ഉപയോഗിച്ച ഒരു ബൈക്ക് കണ്ടെത്തിയതാണ് വഴിത്തിരിവായത്. ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ ബൈക്ക് മുത്തുകാമാച്ചിയുടെ പേരിലുള്ളതാണെന്ന് പരിശോധനയില്‍ വ്യക്തമായി. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് ആക്രമണത്തിന്റെ കാരണം വ്യക്തമായത്. പിന്നാലെ സുഹൃത്തുക്കളായ രണ്ടുപേരെയും കാമുകിയായ 16-കാരിയെയും പിടികൂടുകയായിരുന്നു.

Back to top button
error: