IndiaNEWS

ഗുരുദേവജയന്തി, സ്വാഭിമാനം ചോര്‍ന്നുപോയ അധഃസ്ഥിത വിഭാഗത്തെ സ്വന്തം കര്‍മങ്ങളും ഉപദേശങ്ങളും കൊണ്ട് മറികടക്കാന്‍ യത്നിച്ച യുഗപുരുഷന്റെ ജന്മനാൾ

     ചതയദിനത്തോടെയാണ് ഓണാഘോഷം സമാപിക്കുന്നത്. ചതയം നാലാം ഓണം ആണ്. നാലാം ഓണം പൊടിപൂരം എന്നാണ് പറയാറ്. ചിങ്ങമാസത്തിലെ ചതയം ശ്രീനാരായണഗുരുദേവന്റെ  ജയന്തിദിനമാണ്.  പുലിക്കളിയുടെ ദിവസം കൂടിയാണ് നാലാം ഓണം. ചതയം ദിനത്തിൽ ഉച്ചതിരിഞ്ഞ് കടുവപ്പുലി, പുള്ളിപ്പുലി, വരയൻ പുലി, ചീറ്റപ്പുലി, കരിമ്പുലി. മഞ്ഞപ്പുലി, ഹിമപ്പുലി എന്നിങ്ങനെയുള്ള പുലി രൂപങ്ങൾ കെട്ടിയാടും

ഭാരതത്തിന്റെ സാംസ്‌കാരിക നഭോമണ്ഡലത്തില്‍ മാറ്റങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ച ശ്രീനാരായണഗുരുവിന്റെ 169-ാം ജയന്തിദിനമാണ് ഇന്ന്. വാദിക്കാനും ജയിക്കാനും അല്ല, അറിയാനും അറിയിക്കാനുമാണ് വിദ്യ. ജാതിയുടേയും മതത്തിന്റേയും തൊട്ടുകൂടായ്മയെ മറികടക്കാന്‍ അറിവ് ആയുധമാക്കാന്‍ ഉപദേശിച്ച ഗുരുദേവന്റെ ജന്മദിനം നാടൊട്ടുക്കും സമുചിതമായി ആഘോഷിക്കുന്നു. ആഘോഷങ്ങള്‍ക്ക് തിരികൊളുത്തി ഗുരുദേവ സ്മൃതികളെ തൊഴു കൈകളോടെ സ്മരിക്കുകയാണിന്ന് കേരളം.

Signature-ad

ആര്‍ഷപരമ്പരയിലെ ആചാര്യശ്രേഷ്ഠനായ ശ്രീനാരായണഗുരു, ജാതിയുടേയും മതത്തിന്റേയും വേലിക്കെട്ടുകള്‍ പൊട്ടിച്ചെറിയാനും പരസ്പര സഹകരണത്തിലൂടെ മുന്നേറാനും ഒരു ജനതയെ ഉപദേശിച്ചു. ഒരു ജാതിയും ഒരു മതവും മതി മനുഷ്യന് എന്ന് ആഹ്വാനം ചെയ്തു,

സമൂഹം നേരിടുന്ന വെല്ലുവിളികളെ തന്റെ കര്‍മങ്ങളും ഉപദേശങ്ങളും കൊണ്ട് മറികടക്കാന്‍ ഇപ്പോഴും അദൃശ്യ സാന്നിധ്യമായി നിന്നുകൊണ്ട് സഹായിക്കുകയാണ് ഗുരുദേവന്‍. സാമൂഹികവും സാമ്പത്തികവുമായ അവശതകളില്‍പ്പെട്ട് സ്വാഭിമാനം ചോര്‍ന്നുപോയ ഒരു സമൂഹത്തെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാനും, വെല്ലുവിളികളെ പ്രതിരോധിക്കാനും ഉള്ള കരുത്തും കാഴ്ചപ്പാടും കൈവരിക്കാനും  ഗുരുദേവന്റെ ഉപദേശങ്ങള്‍ സഹായിച്ചു. അധഃസ്ഥിത വിഭാഗത്തെ അറിവിന്റെ വെളിച്ചം നല്‍കി മുഖ്യധാരയിലേക്ക് ഉയര്‍ത്തിയ ഗുരുദേവന്റെ വചനങ്ങള്‍ ഇന്നും കാലിക പ്രസക്തമാണ്.

വിദ്യയിലൂടെ മാത്രമേ നവോത്ഥാനം പ്രാപ്യമാക്കാന്‍ സാധിക്കൂവെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം അവര്‍ണര്‍ക്കായി വിദ്യാലയങ്ങള്‍ തുറന്നു. ‘വിദ്യ കൊണ്ട് പ്രബുദ്ധരാകുക, സംഘടിച്ച് ശക്തരാകുക’ എന്ന് സമൂഹത്തോടായി ശ്രീനാരായണഗുരു പറഞ്ഞു. തന്റെ സാമൂഹിക പരിഷ്‌കാരങ്ങള്‍ പ്രചരിപ്പിക്കാനായി അദ്ദേഹം 1903 ല്‍ ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം സ്ഥാപിച്ചു. ബ്രാഹ്‌മണരേയും മറ്റു സവര്‍ണ ഹിന്ദുക്കളെയും കുറ്റപ്പെടുത്തുന്നതിനു പകരം വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് അവര്‍ണ്ണരുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിച്ചു. മറ്റുള്ളവരോടുള്ള തുറന്ന സമീപനവും അഹിംസാപരമായ തത്ത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടി ദേവാലയങ്ങള്‍ ഉണ്ടാക്കിയപ്പോഴും വിദ്യ നഷ്ടപ്പെട്ടവര്‍ക്കായി വിദ്യാലയങ്ങള്‍ ഉണ്ടാക്കിയപ്പോഴും ഗുരുദേവന്‍ മുന്നില്‍ക്കണ്ടത് സാമൂഹ്യ സാഹോദര്യമായിരുന്നു. കേരളമൊട്ടുക്കും നാല്‍പത്തി മൂന്ന് ക്ഷേത്രങ്ങള്‍ അദ്ദേഹം പ്രതിഷ്ഠിച്ചു.  വര്‍ത്തമാന കാലഘട്ടത്തില്‍ നാം നേരിടുന്ന വെല്ലുവിളികളെ പ്രതിരോധിക്കാന്‍ ഗുരുദേവ ദര്‍ശനങ്ങളെ ആശ്രയിക്കുകയാണ് ഏക പോംവഴി.

നീതിമാനായ മഹാബലി ചക്രവര്‍ത്തി ഉത്രാട ദിനത്തില്‍ കേരളത്തിലെത്തി ചതയം നാളില്‍ തിരിച്ചു പോകുന്നതായാണ് ഓണത്തെ കുറിച്ചുള്ള ഐതിഹ്യങ്ങളില്‍ വിവരിക്കുന്നത്. അങ്ങനെ വരുമ്പോള്‍, സമത്വത്തിനും ഐക്യത്തിനും വേണ്ടി മാവേലി നിയോഗിച്ച യുഗപുരുഷനായാണ് ഗുരുദേവനെ കരുതേണ്ടത്.

ഓണം അവസാനിക്കുകയാണെങ്കിലും ഓണം പഠിപ്പിച്ച നന്മയും സ്നേഹവും  എന്നും മനസ്സിൽ ഉണ്ടാവട്ടേ, ഏവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ.

Back to top button
error: