തിരുവനന്തപുരം: വീടൊഴിപ്പിക്കുന്നതിനിടയിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികൾ മരിച്ച സംഭവത്തിൽ സാഹചര്യത്തിന് അനുസരിച്ച് പെരുമാറാത്ത പോലീസുദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്ന ആരോപണത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശം നൽകിയത്. നാലാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.
കോടതി ഉത്തരവ് നടപ്പിലാക്കേണ്ടതാണെങ്കിലും ആത്മാഭിമാനത്തിന് പോറലേറ്റ ഒരു സാധാരണ പൗരനെ ആത്മഹത്യക്ക് തള്ളിവിടാതിരിക്കാൻ സ്ഥലത്തുണ്ടായിരുന്ന പോലീസുദ്യോഗസ്ഥർ ശ്രമിക്കേണ്ടതായിരുന്നുവെന്ന് മനുഷ്യാവകാശ പ്രവർത്തകയായ അശ്വതി ജ്വാല സമർപ്പിച്ച പരാതിയിൽ പറയുന്നു. നിയമപാലകരുടെ മുന്നിൽ രണ്ട് ജീവനുകൾ ഇല്ലാതായ സംഭവം പോലീസിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴചയാണെന്നും പരാതിയിലുണ്ട്. സാഹചര്യം മനസിലാക്കാതെ പെരുമാറിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കാനാണ് കമ്മീഷൻ ആവശ്യപ്പെട്ടത്.