Lead NewsNEWS

ആലപ്പുഴയില്‍ അധ്യക്ഷയെ തിരഞ്ഞെടുത്ത സംഭവത്തിലെ പ്രതിഷേധം; പാർട്ടി നടപടി തുടങ്ങി

യു.ഡി.എഫില്‍ നിന്നും വലിയ ഭൂരിപക്ഷത്തില്‍ നഗരസഭ പിടിച്ചെടുത്ത ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്കുള്ളില്‍ അധ്യക്ഷയെ തിരഞ്ഞെടുത്ത പേരില്‍ ആലപ്പുഴയില്‍ സിപിഎം പ്രവര്‍ത്തകരില്‍ ഒരു വിഭാഗം നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പാര്‍ട്ടി നടപടി തുടങ്ങി.

മൂന്നു ബ്രാഞ്ച് സെക്രട്ടറിമാരോടും 16 പാര്‍ട്ടി മെമ്പര്‍മാരോടും സിപിഎം ജില്ലാകമ്മിറ്റി വിശദീകരണം ചോദിച്ചു. ഇന്ന് തന്നെ വിശദീകരണം നല്‍കണമെന്ന് ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ആവശ്യപ്പെട്ടു. പ്രകടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ വച്ചേക്കുമെന്നും വിവരമുണ്ട്.

Signature-ad

പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കുമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ഒരു ശോഭയും കെട്ടിട്ടില്ല. അഴിമതി രഹിത ഭരണം വേണ്ടെന്ന് ആഗ്രഹിക്കുന്നവരാണ് പ്രതിഷേധ പ്രകടനത്തിന് പിന്നില്‍. ജയമ്മയും സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തു. അവരെ കുറിച്ച് പരാമര്‍ശിക്കേണ്ട കാര്യമില്ല.

ആര്‍ക്കെതിരെയും മുദ്രാവാക്യം വിളിക്കാനാവും. പാര്‍ട്ടിക്കാരാരും തനിക്കെതിരെ മുദ്രാവാക്യം വിളിക്കില്ല. വികസനമൊക്കെ നടത്തിയത് കൊണ്ടാവും വിളിച്ചത്. വിളിച്ചാലും ഒന്നുമില്ല. പാര്‍ട്ടി പരമായതല്ല അത്. ചരിത്രഭൂരിപക്ഷമാണ്. 52 ല്‍ 35 സീറ്റ് നേടി. പ്രതിപക്ഷത്തിന് എല്ലാവര്‍ക്കും കൂടി 17 മാത്രമേയുള്ളൂ. സൗമ്യ രാജ് അധ്യക്ഷയായത് ശരിയായ തീരുമാനമാണെന്നും മന്ത്രി പറഞ്ഞു.

പാര്‍ട്ടിയില്‍ വളരെക്കാലത്തെ പ്രവര്‍ത്തന പരിചയമുള്ള കെ.കെ ജയമ്മയെ അധ്യക്ഷയാക്കാതെ സൗമ്യ രാജെന്ന വ്യക്തിയെ അധ്യക്ഷയാക്കിയതാണ് പ്രതിഷേധത്തിന് കാരണമായത്.

കൊടിയും മുദ്രാവാക്യവുമായി തെരുവിലിറങ്ങിയ നൂറോളം പ്രവര്‍ത്തകര്‍ പി.പി ചിത്തരഞ്ജന്‍ അടക്കമുള്ള നേതാക്കളുടെ പേരെടുത്ത് പറഞ്ഞാണ് മുദ്രാവാക്യം ഉയര്‍ത്തിയത്. സൗമ്യ രാജിനെ അധ്യക്ഷ പദവിയിലെത്തിക്കാന്‍ ചില നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണമുണ്ട്. ജില്ലയില്‍ വലിയ വിജയം നേടിയെങ്കിലും ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ പാര്‍ട്ടിക്കൊന്നാകെ നാണക്കേടിന് കാരണമായിരിക്കുകയാണ്. കെ.കെ ജയമ്മയ്ക്ക് സീറ്റ് നല്‍കാഞ്ഞത് പാര്‍ട്ടിയോടുള്ള ജനങ്ങളുടെ വിശ്വാസത്തെ ഇല്ലാതാക്കുമെന്നും ആക്ഷേപം ഉയരുന്നുണ്ട്.

കെ.കെ.ജയമ്മയുടേയും സൗമ്യയുടെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് ആദ്യംമുതല്‍ പരിഗണിച്ചിരുന്നു. പ്രവര്‍ത്തകരില്‍ ഭൂരിഭാഗം പേരും ജയമ്മയെയാണ് പിന്തുണച്ചതും. എന്നാല്‍ ഇത് പരിഗണിക്കാതെയാണ് സൗമ്യയെ അധ്യക്ഷ സ്ഥാനത്തേക്ക് പാര്‍ട്ടി നിയമിച്ചത്. പ്രശ്നപരിഹാരത്തിനായി നഗരസഭയിലേക്ക് വിജയിച്ച ഇടതുപക്ഷ കൗണ്‍സിലര്‍മാരുടെ യോഗം വിളിച്ച് കൂട്ടിയിരുന്നെങ്കിലും പ്രശ്നം പരിഹരിക്കാനായില്ല. ഇതേ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലേക്കിറങ്ങിയത്.

Back to top button
error: