പത്തനംതിട്ട: നാളെ അനിഴം.അനിഴം നക്ഷത്രത്തിലാണ് ആറന്മുള വള്ളംകളിക്ക് തുടക്കം കുറിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ പമ്ബ നദിയുടെ തീരത്ത് ആറന്മുള ക്ഷേത്രത്തിലെ ചടങ്ങുകളോട് അനുബന്ധിച്ചാണ് ആറന്മുള ഉത്രട്ടാതി വള്ളംകളി.
ഇതിന് തുടക്കം കുറിക്കുന്നത് നാളെയാണ്. അനിഴം ഐശ്വര്യം കൊണ്ട് വരുന്ന ദിനമാണെന്നാണ് തെക്കന്‍ ജില്ലകളിലുള്ളവര്‍ വിശ്വസിക്കുന്നത്. ചുണ്ടന് വള്ളങ്ങളാണ് വള്ളംകളിയില്‍ പങ്കെടുക്കുന്നത്. മനോഹരമായി അലങ്കരിച്ച വള്ളത്തില്‍ മുണ്ടും തലപ്പാവും തോര്‍ത്തും മടക്കിക്കെട്ടി ഓരോ തുഴക്കാരും വള്ളപ്പാട്ടിന്റെയും വഞ്ചിപ്പാട്ടിന്റേയും ഈരടികള്‍ പാടിക്കൊണ്ടാണ് തുഴയുന്നത്. ഒത്തൊരുമയോടെ വിജയത്തിലേക്ക് തുഴഞ്ഞെത്തുക എന്നതായിരിക്കും ഈസമയം ഓരോ തുഴക്കാരന്റേയും മനസ്സില്‍.
ആറന്മുളയപ്പന്റെ തിരുവോണ സദ്യക്ക് വിഭവങ്ങളുമായി കാട്ടൂര്‍ മാങ്ങാട്ടില്ലത്ത് നിന്നും തിരുവാറന്മുളയിലേക്ക് വരുന്ന തോണിയെ അകമ്ബടി സേവിക്കുക എന്നതാണ് വള്ളംകളിയുടെ ഐതിഹ്യം. ചിങ്ങമാസത്തിലെ ഉത്രട്ടാതി ദിനത്തിലാണ് വള്ളം കളി നടക്കുന്നത്. എന്നാല്‍ അതിന് തുടക്കം കുറിക്കുന്നത് അനിഴം ദിനത്തിലാണ്.
അനിഴം ദിനത്തിന് ഓണദിനങ്ങള്‍ക്കിടയില്‍ വളരെയധികം പ്രാധാന്യമുണ്ട്. പൂക്കളങ്ങള്‍ രൂപം മാറുന്നതും അനിഴത്തിലാണ്. ഓണപ്പൂക്കളത്തിനരികെ ഈര്‍ക്കിലില്‍ ചെമ്ബരത്തി പോലെയുള്ള വലിയ പൂക്കള്‍ കോര്‍ത്ത് വാഴപ്പിണ്ടിയില്‍ കുത്തി നിര്‍ത്തുന്ന ഒരു പതിവുണ്ടായിരുന്നു, പണ്ട്. ‘കുടം കുത്തല്’ എന്ന ഈ പൂക്കള അലങ്കാര രീതി തുടങ്ങുന്നതും അനിഴത്തിലായിരുന്നു.