KeralaNEWS

കരുവന്നൂര്‍ തട്ടിപ്പ് 150 കോടിയുടേത്; ബിനാമി ഇടപാടുകള്‍ എ.സി.മൊയ്തീന്റെ നിര്‍ദേശപ്രകാരമെന്ന് ഇഡി

തൃശൂര്‍: കരുവന്നൂര്‍ ബാങ്കിലെ ബിനാമി ഇടപാടുകള്‍ നടന്നത് മുന്‍ മന്ത്രി എ.സി.മൊയ്തീന്റെ നിര്‍ദേശപ്രകാരമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). പാവങ്ങളുടെ സ്വത്ത് പണയപ്പെടുത്തി ബിനാമി ഇടപാടുകള്‍ ബാങ്കില്‍ നടന്നു. ഇതിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ജില്ലാ േനതാക്കള്‍ വരെ കൂട്ടുനിന്നുവെന്നും ഇഡി അറിയിച്ചു.

ബാങ്കില്‍നിന്ന് 150 കോടി രൂപ തട്ടിയെടുത്തു. തട്ടിപ്പുമായി ബന്ധപ്പെട്ട 36 വസ്തുവകകള്‍ ഇതുവരെ കണ്ടുകെട്ടി. ആരുടെ വസ്തുവകകളാണ് കണ്ടുകെട്ടിയതെന്ന വിവരം ഇഡി പുറത്തുവിട്ടില്ല. 15 കോടി രൂപയുടെ മൂല്യമാണ് ഇതിനു കണക്കാക്കുന്നത്. എ.സി.മൊയ്തീന്റെ 28 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം മരവിപ്പിക്കുകയും ചെയ്തു. വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യങ്ങള്‍ ഇഡി സ്ഥിരികരിച്ചത്.

Signature-ad

സിപിഎം നേതാക്കളുടെ ബിനാമി ഇടപാടുകാര്‍ എന്ന ആരോപണം നേരിടുന്നവര്‍ക്ക് കരുവന്നൂര്‍ സഹകരണ ബാങ്കില്‍നിന്ന് അനുവദിച്ചത് കോടിക്കണക്കിന് രൂപയാണ്. മതിയായ ഈടില്ലാതെയാണ് ബാങ്കില്‍ തുകകള്‍ അനുവദിച്ചത്. ഇത് കേന്ദ്രീകരിച്ചാണ് ഇഡി അന്വേഷണം മുന്നോട്ട് പോകുന്നത്. നോട്ട് നിരോധന കാലത്ത് കരുവന്നൂര്‍ ബാങ്കില്‍നിന്ന് വന്‍ തുക മാറിയെടുത്തതും ഇഡി പരിശോധിക്കുന്നുണ്ട്.

ഭൂമിയുടെ മതിപ്പ് വില കൂട്ടിക്കാണിച്ച് വായ്പ അനുവദിക്കുകയായിരുന്നു. വസ്തു വിറ്റാലും തുക തിരിച്ചുപിടിക്കാന്‍ സാധിക്കില്ലെന്നും ഇഡി കണ്ടെത്തി. മറ്റു ബാങ്കുകളില്‍ കടക്കെണിയിലായവരുടെ ആധാരം എടുക്കാന്‍ സഹായിക്കുകയും ഈ ആധാരം വലിയ തുകയ്ക്ക് കരുവന്നൂര്‍ ബാങ്കില്‍ പണയപ്പെടുത്തുകയുമായിരുന്നു ചെയ്തിരുന്നത്. ഇതിന് ഇടനിലക്കാര്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും ഇഡി കണ്ടെത്തി.

 

Back to top button
error: