139 കോടി ഇന്ത്യക്കാരുടെ സ്വപ്നം സാക്ഷാത്കരിച്ച് ചന്ദ്രയാൻ മൂന്ന് ചന്ദ്രന്‍റെ മണ്ണില്‍ കാലുകുത്തി.ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ മൂന്ന് അതിസങ്കീര്‍ണമായ സോഫ്റ്റ് ലാൻഡിങ് വിജയകരമായി നടത്തിയത്.
40 ദിവസം നീണ്ട ദൗത്യത്തിലൂടെ ബഹിരാകാശ ചരിത്രമാണ് ഇന്ത്യയും ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐ.എസ്.ആര്‍.ഒയും തിരുത്തി കുറിച്ചത്. ഇതോടെ ദക്ഷിണ ധ്രുവത്തില്‍ പേടകത്തെ ഇറക്കിയ ആദ്യ രാജ്യമായി ഇന്ത്യ. കൂടാതെ, അമേരിക്കക്കും സോവിയറ്റ് യൂണിയനും ചൈനക്കും പിന്നാലെ ചന്ദ്രനില്‍ ഒരു പേടകത്തെ ഇറക്കുന്ന നാലാമത്തെ രാജ്യവുമായി ഇന്ത്യ.
2023 ജൂലൈ 14നാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ മൂന്ന് കുതിച്ചുയര്‍ന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണതറയില്‍ നിന്നും എല്‍.വി.എം 3 റോക്കറ്റിലായിരുന്നു പേടകത്തിന്‍റെ യാത്ര. അതേസമയം ദക്ഷിണ ധ്രുവത്തിൽ ആദ്യമായി ലാന്റ് ചെയ്തുകൊണ്ട് ചാന്ദ്രയാൻ 3 പുതിയ ചരിത്രം രചിക്കുമ്പോൾ, അഭിമാനത്തോടെ കേരളവും ഈ ദൗത്യത്തിൽ പങ്കാളികളാകുകയാണ്.
കേരളത്തിൽ നിന്നുള്ള 6 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളും 20ഓളം സ്വകാര്യസ്ഥാപനങ്ങളുമാണ് വിജയകരമായി ലാന്റ് ചെയ്തിരിക്കുന്ന ചന്ദ്രയാൻ 3 ദൗത്യത്തിൽ പങ്കാളികളായിരിക്കുന്നത്. കെൽട്രോൺ, കെ എം എം എൽ, എസ്.ഐ.എഫ്.എൽ, ടി.സി.സി, കെ.എ.എൽ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും എയ്റോപ്രിസിഷൻ, ബി.എ.ടി.എൽ, കോർട്ടാൻ, കണ്ണൻ ഇൻ്റസ്ട്രീസ്, ഹിൻ്റാൽകോ, പെർഫെക്റ്റ് മെറ്റൽ ഫിനിഷേഴ്സ്, കാർത്തിക സർഫസ് ട്രീറ്റ്മെൻ്റ്, ജോജോ ഇൻ്റസ്ട്രീസ്, വജ്ര റബ്ബർ, ആനന്ദ് ടെക്നോളജീസ്, സിവാസു, റെയെൻ ഇൻ്റർനാഷണൽ, ജോസിത് എയർസ്പേസ്, പി.എം.എസ് തുടങ്ങിയ സ്വകാര്യസ്ഥാപനങ്ങളിൽ നിന്നും നിർമ്മിച്ച വിവിധ ഉൽപ്പന്നങ്ങൾ ചന്ദ്രയാൻ 3 ദൗത്യത്തിൽ ഉപയോഗിച്ചിരിക്കുന്നു.
ലോകത്തിന് മുന്നിൽ ഇന്ത്യ അഭിമാനത്തോടെ നിൽക്കുമ്പോൾ, കേരളത്തിനും ഈ ദൗത്യത്തിൽ പങ്കാളികളായതിൽ അഭിമാനിക്കാം.