യൂത്ത് കോണ്‍ഗ്രസിലെ സജീവ പ്രവര്‍ത്തകനായിരുന്ന വിഷ്ണുവിന്റെ പണത്തോടുള്ള ആര്‍ത്തിയാണ് കൊലയില്‍ കലാശിച്ചത്.ആഭരണത്തിന് വേണ്ടിയായിരുന്നു കൊല.കൊല്ലപ്പെട്ട സുജിതയുടെ ആഭരണങ്ങള്‍ വിഷ്ണു വിറ്റു.
സുജിതയുടെ ഫോണില്‍ അവസാനമായി വിളിച്ചത് വിഷ്ണുവിനെയായിരുന്നു. ഇതില്‍നിന്നാണ് അന്വേഷണം ഇയാളിലെത്തിയത്. എന്നാല്‍, ചോദ്യംചെയ്തപ്പോള്‍ 10,000 രൂപ ആവശ്യപ്പെട്ട് സുജിത വിളിച്ചിരുന്നുവെന്നും ഇതിനു വേണ്ടിയായിരുന്നു കോളെന്നുമാണ് ആദ്യം പറഞ്ഞത്.ഇയാളുടെ സഹോദരനെ ചോദ്യംചെയ്തതില്‍നിന്നാണു കൊലപാതകത്തെക്കുറിച്ചുള്ള സൂചന ലഭിച്ചത്.
ഓഗസ്റ്റ് 11നാണ് തുവ്വൂര്‍ കൃഷിഭവനില്‍ താല്‍ക്കാലിക ജീവനക്കാരിയായ സുജിതയെ(35) കാണാതായത്. കൃഷിഭവനിലെത്തുന്ന ആളുകളെ അപേക്ഷയ്ക്കടക്കം സഹായിക്കുന്ന ജോലിയിലായിരുന്നു. പ്രതി വിഷ്ണു നേരത്തെ പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു. ഐ.എസ്.ആര്.ഒയില്‍ ജോലി ലഭിച്ചെന്നു പറഞ്ഞാണു ജോലി രാജിവച്ചത്. വിഷ്ണുവും സുജിതയും തമ്മില്‍ സാമ്ബത്തിക ഇടപാടുകള്‍ നടന്നിരുന്നു. സുജിത വിഷ്ണുവിനു പണം നല്‍കിയിരുന്നു. ഇതു തിരിച്ചുചോദിച്ചതോടെ ഇവര്‍ തമ്മില്‍ തര്‍ക്കവുമുണ്ടായിരുന്നു. സുജിതയെ കൊലപ്പെടുത്തിയ ശേഷം എട്ട് പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ പ്രതികള്‍ വിറ്റു.
കാണാതായ ദിവസം തന്നെ സുജിതയെ കൊലപ്പെടുത്തിയെന്നാണു പ്രതികള്‍ പൊലീസിനു നല്കിയ മൊഴി. കൊലയ്ക്കുശേഷം വിഷ്ണുവിന്റെ വീട്ടിലെ മാലിന്യക്കുഴിയില്‍ മൃതദേഹം തള്ളി. ഇതിനുമുകളില്‍ മണ്ണും മെറ്റലും എംസാൻഡും ഉപേക്ഷിക്കുകയും ചെയ്തു. ഇത് അലക്കുകല്ല് നിര്‍മ്മിക്കാൻ കൊണ്ടുവന്നതാണെന്നാണ് നേരത്തെ ചോദ്യംചെയ്തപ്പോള്‍ പ്രതികള്‍ പൊലീസിനോട് പറഞ്ഞത്.
ഇതിനിടെ സംശയം തോന്നി പൊലീസ് എംസാൻഡും മെറ്റലും നീക്കിയപ്പോഴാണു മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണു മൃതദേഹം കാണുന്നത്. ഇതില്‍നിന്നു ദുര്‍ഗന്ധം വമിച്ചതോടെ നീക്കം നിര്‍ത്തിവച്ചു. പിന്നീട് യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകൻ വിഷ്ണുവിന്റെ അച്ഛനും അറസ്റ്റിലായി. കേസില്‍ നേരത്തെ വിഷ്ണുവും സഹോദരങ്ങളായ വൈശാഖും ജിത്തുവും വിഷ്ണുവിന്റെ സുഹൃത്ത് ഷിഹാനും അറസ്റ്റിലായിരുന്നു. കാണാതായ സുജിതയുടെ ഫോണ്‍ ലൊക്കേഷൻ അവസാനമായി കണ്ടത് വിഷ്ണുവിന്റെ വീടിനു സമീപമായതിനാലാണ് അന്വേഷണം ഇവരിലേക്ക് നീണ്ടത്.