തിരുവനന്തപുരം: കേരളത്തിലെ സിപിഎമ്മിനെതിരായ പ്രസ്താവനയിൽ മലക്കം മറഞ്ഞ് സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ. അഭിമുഖത്തിൽ ഫലിതമായി പറഞ്ഞത് പ്രസ്താവനയായി പ്രചരിപ്പിച്ചുവെന്നും താൻ ശ്രമിച്ചത് ഇടതുപക്ഷത്തെ വിശാലമായി നിർവചിക്കാനാണ്. കേരളത്തിലേക്ക് വന്നത് കൂടുതൽ സ്വാതന്ത്ര്യം തേടിയാണ്. ഇനി രാഷ്ട്രീയ അഭിമുഖങ്ങള്‍ക്കില്ലെന്നും സാഹിത്യ അക്കാദമി അധ്യക്ഷൻ വ്യക്തമാക്കി.
കേരളത്തിൽ സിപിഎം വീണ്ടും അധികാരത്തിലെത്താതിരിക്കാന്‍ സഖാക്കള്‍ പ്രാര്‍ഥിക്കണമെന്നും മൂന്നാംവട്ടവും അധികാരത്തിലെത്തിയാല്‍ അഹങ്കാരികളാകുമെന്നുമായിരുന്നു സച്ചിദാനന്ദൻ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. പ്രസ്താവന വലിയ വിവാദമായതോടെയാണ് കവി നിലപാടിൽ മലക്കം മറിഞ്ഞത്.
നമ്മുടെ മാദ്ധ്യമ ധാർമ്മികത വിചിത്രമാണ്. ഇന്നത്തെ ഇടതുപക്ഷത്തിന്റെ ചില പരാധീനതകൾ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. അതിന്റെ പ്രത്യേകരീതിയിൽ എഡിറ്റ് ചെയ്ത വേർഷനുകൾ ആണ് പത്രത്തിലും യു ട്യൂബിലും വന്നത്. അതിൽ നിന്ന് തന്നെ തങ്ങൾക്ക് വേണ്ട ചില വരികൾ എടുത്ത് പ്രചരിപ്പിക്കാൻ ആണ് മറ്റു മാദ്ധ്യമങ്ങൾ ശ്രമിച്ചതെന്ന് സച്ചിദാനന്ദൻ കുറ്റപ്പെടുത്തി. ഫേസ്ബുക്കിലൂടെയാണ് കവിയുടെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
നമ്മുടെ മാദ്ധ്യമധാർമ്മികത വിചിത്രമാണ്. വലതു പക്ഷത്തിൻ്റെ വളർച്ചയുടെ വിപത്തുകൾ കൃത്യമായി ചൂണ്ടിക്കാട്ടി, ഇടതുപക്ഷത്തെ കൂടുതൽ വിശാലമായി, ഗാന്ധിയെയും അംബേദ്കറെയും ഉൾക്കൊള്ളാവുന്ന വിധത്തിൽ, നിർവ്വചിക്കാൻ ശ്രമിക്കയാണ്, വളരെ കാലമായി ചെയ്യും പോലെ, ഞാൻ രണ്ടു മണിക്കൂർ നീണ്ട ഇന്ത്യൻ എക്സ്പ്രസ്സ് അഭിമുഖത്തിൽ ചെയ്തത്, ഇന്നത്തെ ഇടതുപക്ഷത്തിന്റെ ചില പരാധീനതകൾ ചൂണ്ടിക്കാട്ടുകയും. അതിന്റെ പ്രത്യേകരീതിയിൽ എഡിറ്റ് ചെയ്ത വേർഷനുകൾ ആണ് പത്രത്തിലും യു ട്യൂബിലും വന്നത്. അതിൽ നിന്ന് തന്നെ തങ്ങൾക്ക് വേണ്ട ചില വരികൾ എടുത്ത് പ്രചരിപ്പിക്കാൻ ആണ് മറ്റു മാദ്ധ്യമങ്ങൾ ശ്രമിച്ചത്.
ചില ഫലിതങ്ങൾ പോലും പ്രസ്താവനകൾ എന്നപോലെ പ്രചരിപ്പിക്കപ്പെട്ടു. ഈ പശ്ചാത്തല ത്തിലാണ് ഇന്നത്തെ കേരളത്തിന്റെ അവസ്ഥയെക്കുറിച്ച് ഞാൻ താഴെയുള്ള പോസ്റ്റ് ഇട്ടത്. കേരളത്തിൽ കൂടുതൽ സ്വാതന്ത്ര്യം തേടിയാണ് വന്നത്. എന്നാൽ ദേശീയമായ കാഴ്ചപ്പാടിൽ കാര്യങ്ങളെ കാണുവാൻ ഇവിടത്തെ കറുപ്പും വെളുപ്പും രാഷ്ട്രീയം തടസ്സമാണെന്ന് ബോദ്ധ്യമാ കുന്നു. രാഷ്ട്രീയം ആയ അഭിമുഖങ്ങൾ ഇനി ഇല്ല. എനിക്ക് വേണ്ടത് എനിക്ക് നിയന്ത്രണമുള്ള പ്രസംഗങ്ങളിലും ലേഖനങ്ങളിലും പറഞ്ഞു കൊള്ളാം.