NEWS

എന്തു കൊണ്ട് സച്ചിൻ പൈലറ്റ് ജ്യോതിരാദിത്യ സിന്ധ്യ ആയില്ല?

രാജസ്ഥാൻ കോൺഗ്രസിലെ ആഭ്യന്തര കലഹം എന്ത് കൊണ്ട് സച്ചിൻ പൈലറ്റിനെ ബിജെപി ക്യാമ്പിൽ എത്തിച്ചില്ല? ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിൽ മുഴങ്ങുന്ന ചോദ്യം അതാണ്. സാധാരണ ഗതിയിൽ ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശ് കോൺഗ്രസിൽ കലാപമുയർത്തി ബിജെപിയിൽ പോയപ്പോൾ ഉണ്ടായത് പോലെ സംഭവ വികാസങ്ങൾ രാജസ്ഥാനിൽ ഉണ്ടാകുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നതാണ്. എന്നാൽ അതുണ്ടാകാത്തത് ഒരു കാരണം കൊണ്ട് മാത്രമാണ്. സച്ചിൻ പൈലറ്റാണ് കേന്ദ്ര ബിന്ദു എന്നത് കൊണ്ടാണ്.

Signature-ad

ഹിമാന്ത ബിശ്വ ശർമയും സിന്ധ്യയുമൊക്ക ബിജെപിയെ മുന്നിൽ നിർത്തി കളിച്ചാണ് കോൺഗ്രസിനെ തോൽപ്പിച്ചത്. എന്നാൽ ഇവിടേ സച്ചിന് കോൺഗ്രസ്‌ തോൽക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല. അയാളുടെ സമരം മുഴുവൻ കോൺഗ്രസിനകത്തെ നീതിനിഷേധത്തെ ചൊല്ലിയായിരുന്നു. താൻ ഉഴുതുമറിച്ചിട്ട മണ്ണിൽ ഗെഹ്‌ലോട്ട് വിള നട്ടതിനെ കുറിച്ചുള്ള പരാതി ആയിരുന്നു.

ജ്യോതിരാദിത്യ സിന്ധ്യയുടെ അച്ഛൻ മാധവ റാവു സിന്ധ്യയെ പോലെ അല്ലായിരുന്നു സച്ചിന്റെ പിതാവ് രാജേഷ് പൈലറ്റ്. മാധവ റാവു സിന്ധ്യ രാജാവ് ആയിരുന്നെങ്കിൽ രാജേഷ് പൈലറ്റ് പാൽക്കാരൻ ആയിരുന്നു. മാധവ റാവു സിന്ധ്യ സവർണ്ണൻ ആയിരുന്നെങ്കിൽ രാജേഷ് പൈലറ്റ് ഗുജ്ജർ ആയിരുന്നു.

ഉത്തരേന്ത്യൻ ശൈലിയിൽ കറകളഞ്ഞ ജാതിവാദി ആയിരുന്നില്ല രാജേഷ് പൈലറ്റ്. വ്യോമസേനയിൽ ഇരുന്നപ്പോഴും രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോഴും രാജേഷിന്റെ പേരിന്റെ കൂടെ ഒരു വാലെ ഉണ്ടായിരുന്നുള്ളു.അത് പൈലറ്റ് എന്നായിരുന്നു. ഗുജ്ജർ സമുദായത്തിന്റെ ശ്യോച്യാവസ്ഥക്കെതിരെ രാജേഷ് പൈലറ്റ് പ്രതികരിച്ചിരുന്നു. അത് ഒരു രാഷ്ട്രീയക്കാരന്റെ സ്വാഭാവിക പ്രതികരണം ആണ് താനും.

സച്ചിൻ പിതാവിനെ തന്നെ പിന്തുടർന്നു. 2009 ൽ ഗുജ്ജറുകൾക്ക് വലിയ സ്വാധീനം ഇല്ലാത്ത അജ്മീറിൽ നിന്നാണ് സച്ചിൻ മത്സരിച്ചു ജയിച്ച് ലോക്സഭയിൽ എത്തിയത്. 2014പരാജയത്തിന്റെ രുചി അറിഞ്ഞപ്പോൾ സച്ചിൻ രാജസ്ഥാൻ കോൺഗ്രസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു. ദേശീയ രാഷ്ട്രീയത്തിന്റെ വർണപകിട്ടിൽ അയാൾ അഭിരമിച്ചില്ല തന്നെ.

രാഹുൽ ഗാന്ധിക്കും സച്ചിൻ പൈലറ്റിനും ചില സമാനതകൾ ഉണ്ട്. 1991ൽ രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോൾ രാഹുലിന് പ്രായം 21.രണ്ടായിരത്തിൽ രാജേഷ് പൈലറ്റ് അപകടത്തിൽ മരിക്കുമ്പോൾ സച്ചിന് പ്രായം 23. 2004 ൽ ഇരുവരും ഒന്നിച്ചാണ് ലോക്സഭയിൽ എത്തിയത്.

രാഷ്ട്രീയത്തിൽ നിൽക്കുമ്പോൾ തന്നെയാണ് സച്ചിന്റെ വിവാഹം. നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ലയുടെ മകൾ സാറാ അബ്ദുല്ലയുമായി പ്രണയ വിവാഹം. അന്ന് ചർച്ച ചെയ്യപ്പെട്ടത് മതമായിരുന്നു.

രാഷ്ട്രീയത്തിൽ സച്ചിന്റെ വളർച്ച ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു. 27ആം വയസിൽ ലോക്സഭാ അംഗം, 32ആം വയസിൽ കേന്ദ്രമന്ത്രി, 37ആം വയസിൽ കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ, 40ആം വയസിൽ ഉപമുഖ്യമന്ത്രി.
.
2018ൽ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ വസുന്ധര രാജെയുടെ ബിജെപിയെ കെട്ടുകെട്ടിച്ചത് സച്ചിൻ പൈലറ്റ് ഒറ്റക്കായിരുന്നു. മധ്യപ്രദേശിലും ചത്തീസ്ഗഢിലും സംസ്ഥാന അധ്യക്ഷന്മാർ മുഖ്യമന്ത്രി ആയപ്പോൾ രാജസ്ഥാനിൽ സച്ചിൻ ഉപമുഖ്യമന്ത്രി പദത്തിൽ ഒതുക്കപ്പെട്ടു.

സിന്ധ്യ അല്ല കോൺഗ്രസിന് സച്ചിൻ . കാരണം സച്ചിൻ ഇടഞ്ഞപ്പോഴും പറഞ്ഞത്‌ ബിജെപിയിലേക്ക് ഇല്ല എന്നതാണ്. സച്ചിനെ പാർടി പുറത്താക്കിയില്ല. പകരം സ്ഥാനങ്ങളിൽ നിന്ന് മാത്രം നീക്കി . സിന്ധ്യയെ കാണാൻ രാഹുൽ കൂട്ടാക്കിയില്ല. എന്നാൽ രാഹുലും പ്രിയങ്കയും സച്ചിനെ കണ്ടു. സച്ചിൻ വ്രണിത ഹൃദയനാണ്. ജനാധിപത്യപരമായുള്ള അയാളുടെ വിയോജിപ്പുകൾ കോൺഗ്രസ്‌ പരിഹരിച്ചേ പറ്റൂ.

Back to top button
error: