‘സാറ്, ഭക്ഷണം കഴിക്കാന്‍ മറന്നില്ലല്ലോല്ലേ?’, ഒരു വിദ്യാര്‍ത്ഥിയുടെ ‘മധുരപ്രതികാരം’
ഇന്ത്യയിലെ വിദ്യാലയങ്ങളെല്ലാം വിദ്യാർത്ഥി സൗഹൃദമാണെന്ന് പറയാൻ കഴിയില്ല. കേരളത്തിലെന്തായാലും അങ്ങനെയല്ലെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. അത്തരമൊരു സൗഹൃദാന്തരീക്ഷം ഇല്ലാത്തതിനാലാണ് പലപ്പോഴും വിദ്യാർത്ഥി / അധ്യാപക സംഘങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതും. കഴിഞ്ഞ ദിവസം അത്തരമൊരു സംഘർഷത്തിൻറെ ഇരയായ ഒരു വിദ്യാർത്ഥി, തൻറെ അധ്യാപകനോട് മധുരപ്രതികാരം ചെയ്തതിൻറെ തെളിവുകൾ ട്വിറ്റർ വഴി പങ്കുവയ്ക്കപ്പെട്ടപ്പോൾ നിരവധി പേർ ഒപ്പം കൂടി. ഇതിനകം മുപ്പത്തിനാലായിരം പേരാണ് ട്വീറ്റ് ലൈക്ക് ചെയ്തത്.
സാധാരണയായി സ്കൂളുകളിൽ ഹോം വർക്കിനെ കുറിച്ച് ചോദിക്കുമ്പോഴോ, പഠപുസ്തകം കൊണ്ടുവരാത്തതിനെ കുറിച്ച് ചോദിക്കുമ്പോഴോ, പരീക്ഷാ പേപ്പറിൽ രക്ഷിതാവിൻറെ ഒപ്പ് വാങ്ങി വരാത്തതിനെ കുറിച്ചോ ചോദിക്കുമ്പോഴും മിക്ക കുട്ടികൾക്കും ഒരുത്തരമായിരിക്കും, ‘മറന്ന് പോയി, സാർ.’ നിഷ്ക്കളങ്കത തുളുമ്പി നിൽക്കുന്ന മറുപടി പലതും കേൾക്കുമ്പോഴേ അറിയാം മറന്നിട്ടല്ല, പകരം ചെയ്യാൻ മടിച്ചിട്ടോ, മനപൂർവ്വമോ ആയിരുന്നെന്ന്. അടുത്ത നിമിഷം മുഖമടച്ച് അധ്യാപകൻറെ മറു ചോദ്യമെത്തും, ‘നീ, എപ്പോഴെങ്കിലും ഭക്ഷണം കഴിക്കാൻ മറന്നോ?’ എന്ന്. അതിന് മുമ്പിൽ മറുപടിയില്ലാതെ നിന്നിട്ടുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ, പുതുതലമുറ അത്രയ്ക്ക് നിശബ്ദരല്ലെന്ന് പങ്കുവയ്ക്കപ്പെട്ട സ്ക്രീൻ ഷോട്ട് പറയുന്നു.
ആഷിഷ് സിംഗ് എന്ന ട്വിറ്റർ ഉപയോക്താവാണ് ഒരു വാട്സാപ്പ് സ്ക്രീൻ ഷോട്ട് പങ്കുവച്ചത്. ‘ഈ നിമിഷത്തിന് വേണ്ടി അവൻ തൻറെ ജീവിതകാലം മുഴുവൻ കാത്തിരിക്കുകയായിരുന്നു.’ സ്ക്രീൻ ഷോട്ട് പങ്കുവച്ച് കൊണ്ട് അദ്ദേഹം കുറിച്ചു. വാട്സാപ്പിൻറെ സ്ക്രീൻ ഷോട്ടിൽ കണക്ക് അധ്യാപകനും വിദ്യാർത്ഥിയും തമ്മിലുള്ള സംഭാഷണമാണ് ഉണ്ടായിരുന്നത്.
കുട്ടി: ‘സർ, ഇന്നലെ എന്നോട് പിഡിഎഫ് ഫയലുകൾ അയയ്ക്കാമെന്ന് പറഞ്ഞിരുന്നു.’
കണക്ക് മാഷ്: ‘ഓ.യി… ഞാൻ മറന്ന് പോയി. നിക്ക് ഞാൻ ഇപ്പോ തന്നെ അയച്ചേക്കാം.’
കുട്ടി: ‘സാറ്, ഇന്നലെ ഭക്ഷണം കഴിക്കാൻ മറന്നില്ലല്ലോല്ലേ?.’
He was waiting his whole life for this moment pic.twitter.com/DT7i0R8sP8
— Ashish Singh (@ashishsingh_29) August 16, 2023
നിരവധി പേരുടെ ശ്രദ്ധനേടാൻ ട്വീറ്റിന് കഴിഞ്ഞു. മിക്കവരും അധ്യാപകർ അത്തരം മറുപടികൾ വിദ്യാർത്ഥികളിൽ നിന്ന് അർഹിക്കുന്നുവെന്ന് കുറിച്ചു. അവൻറെ മറുപടിയിൽ തങ്ങൾക്ക് ആശ്വാസം ലഭിച്ചുവെന്ന് ചിലർ എഴുതി. ‘ആ സഹോദരന് ഇനി സമാധാനമായി ഉറങ്ങാം.’, വേറൊരാൾ എഴുതി. ‘തിരിച്ച് വരവിനുള്ള അവസരം മധുരമാണ്.’ മറ്റൊരാൾ കുറിച്ചു.