കോട്ടയം: വിഡി സതീശനെപ്പോലൊരു കള്ളന് കഞ്ഞി വെച്ച പ്രതിപക്ഷനേതാവ് കേരളത്തിൽ ഉണ്ടായിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോൺഗ്രസ് നേതാക്കൾക്കെതിരെ എടുക്കുന്ന കേസുകളിൽ സതീശന് മുഖ്യമന്ത്രി പ്രത്യേക ആനുകൂല്യം നൽകുന്നു. സതീശന് മുഖ്യമന്ത്രിയുമായി അന്തർധാരയുണ്ട്. സതീശൻ മുഖ്യമന്ത്രിയുടെ വലം കയ്യാണ്. മുഖ്യമന്ത്രിയെ താങ്ങി നടക്കുന്നത് പ്രതിപക്ഷ നേതാവാണ്. വഞ്ചകനാണ് വിഡി സതീശൻ. ഭരണകക്ഷിയെക്കാൾ മോശം പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. ഇങ്ങനെ ഒരു പ്രതിപക്ഷം കേരളത്തിൽ എവിടെയും ഉണ്ടാകില്ലെന്നും കോട്ടയം മണർക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
മാത്യു കുഴൽനാടൻ അത്ര വലിയ ഹരിശ്ചന്ദ്രൻ അല്ല. അന്വേഷണം വേണമെന്നും സുരേന്ദ്രൻ പറഞ്ഞു. മാസപ്പടി വാങ്ങിയ കമ്പനിയിൽ നിന്നും തന്നെയാണ് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി പി.രാജീവ് കൈതോലപായയിൽ പണം കടത്തിയതെന്ന ദേശാഭിമാനിയുടെ മുൻ എഡിറ്റർ ജിആർ ശക്തിധരന്റെ ആരോപണം ഗുരുതരമാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. മാസപ്പടി നൽകിയ കമ്പനി തന്നെയാണ് അന്നും മുഖ്യമന്ത്രിക്ക് പണം നൽകിയതെന്ന കാര്യം അന്വേഷിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
നേരത്തെ മുതൽ പിണറായി വിജയൻ ശശിധരൻ കർത്തയുടെ കരിമണൽ കമ്പനിയിൽ നിന്നും പണം വാങ്ങിയിട്ടുണ്ടെന്ന് ബോധ്യമായ സാഹചര്യത്തിൽ കേസെടുക്കാൻ പൊലീസ് തയ്യാറാവണം. പണം കടത്തിയത് മന്ത്രി സഭയിലെ ഒരു മന്ത്രിയാണെന്നത് ഗൗരവതരമാണ്. മന്ത്രിക്കെതിരെ ശക്തിധരൻ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെല്ലാം ഞെട്ടിക്കുന്നതാണ്. സാക്ഷി തന്നെ ആരോപണം ഉന്നയിച്ചിട്ടും എന്തുകൊണ്ടാണ് അദ്ദേഹത്തെ ചോദ്യം ചെയ്യാത്തത്. പണം കൈമാറ്റത്തെ പറ്റിയുള്ള ആരോപണം അന്വേഷിക്കാതെ മാറിനിൽക്കാൻ പൊലീസിന് സാധിക്കില്ല. സംസ്ഥാനത്ത് ഭരണനിർവഹണം കൃത്യമായി നടക്കുന്നില്ലെന്നത് ഉറപ്പായിരിക്കുന്നു. പണം വാങ്ങിയോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വാങ്ങിയില്ലെങ്കിൽ ശക്തിധരനെതിരെ നിയമനടപടി സ്വീകരിക്കണം. ആരോപണം ഉയർന്നിരിക്കുന്നത് സ്വന്തം പാർട്ടിയിൽ നിന്നും തന്നെയാണ്. സിപിഎമ്മിന്റെ അവഗണിച്ച് രക്ഷപ്പെടുകയെന്ന തന്ത്രം ഇനി നടക്കില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
പരിസ്ഥിതി സംബന്ധമായ വ്യവസായം സുഗമമായി നടത്തി കൊണ്ടു പോകാനാണ് പണം നൽകിയതെന്ന് ശശിധരൻ കർത്ത തന്നെ ആദായനികുതി വകുപ്പിനോട് വ്യക്തമാക്കിയിട്ടുണ്ട്. വീണാ വിജയനും മുഖ്യമന്ത്രിയും മാസപ്പടി വാങ്ങിയെന്നുള്ളത് രേഖയാണ്. പണം കൊടുത്തയാൾ അത് ആദായനികുതി വകുപ്പിനോട് സമ്മതിച്ചതാണ്. അതേയാളോട് 2.35 കോടി രൂപ മുഖ്യമന്ത്രി വാങ്ങിയെന്നതും മന്ത്രി രാജീവാണ് അതിന് ഇടനിലക്കാരനായതെന്നതും അന്വേഷിക്കാതിരിക്കുന്നത് എങ്ങനെയാണ്. കേന്ദ്ര ഏജൻസികൾ അന്വേഷിക്കാനെത്തുമ്പോൾ ഇരവാദം ഉയർത്തി രക്ഷപ്പെടാൻ ശ്രമിക്കരുതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.