
കണ്ണൂർ: കണ്ണൂരിൽ ട്രെയിനുകൾക്ക് നേരെ കല്ലേറ് തുടർക്കഥയാകുന്നു.ഇന്ന് വന്ദേഭാരത് ട്രെയിനിന് നേരെയായിരുന്നു കല്ലേറ്. തലശ്ശേരിക്കും മാഹിയ്ക്കും ഇടയിൽ വെച്ചാണ് കാസർകോട് – തിരുവനന്തപുരം വന്ദേഭാരതിന് നേരെ കല്ലേറുണ്ടായത്.
കണ്ണൂരിൽ നിന്ന് ഉച്ചക്ക് രണ്ടരക്കാണ് വന്ദേഭാരത് പുറപ്പെട്ടത്. 3.43നും 3.49നും ഇടക്കായിരുന്നു കല്ലേറുണ്ടായത്. കല്ലേറിൽ സി8 കോച്ചിന്റെ ചില്ലുകൾ പൊട്ടിപ്പോയി. സംഭവത്തെ തുടർന്ന് ട്രെയിനിൽ ആർപിഎഫ് സംഘം പരിശോധന നടത്തുകയാണ്. ചില്ല് പൊട്ടി അകത്തേക്ക് തെറിച്ചെന്ന് യാത്രക്കാർ പറയുന്നു. നിലവിൽ ട്രെയിൻ കോഴിക്കോട് വിട്ട് യാത്ര തുടരുകയാണ്. പൊട്ടിയ ചില്ല് താൽക്കാലികമായി ഒട്ടിച്ചാണ് യാത്ര.
സംഭവത്തെക്കുറിച്ച് ആർപിഎഫ് സംഘം വിശദമായി പരിശോധിച്ച് വരികയാണ്. കണ്ണൂരിൽ രണ്ട് ദിവസം മുമ്പ് രണ്ട് ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായിരുന്നു.അന്നുതന്നെ നീലേശ്വരത്തും ട്രെയിനിന് നേരെ കല്ലേറുണ്ടായി.






