കളിയിക്കാവിള: തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ നയിക്കുന്ന പദയാത്ര 20-ാം ദിവസത്തിൽ. എൻ മക്കൾ എൻ മണ്ണ് എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന പദയാത്ര ഇന്നലെ കന്യാകുമാരിയിലെത്തി.
പദയാത്രയ്ക്കിടെ ജനങ്ങളെ അഭിസംബോധന ചെയ്ത അണ്ണാമലൈ കേരള, തമിഴ്നാട് സർക്കാരുകൾക്കെതിരെ ആഞ്ഞടിച്ചു.കേരളത്തിലെയും തമിഴ്നാട്ടിലെയും മുഖ്യമന്ത്രിമാർ നടത്തുന്നത് കുടുംബ രാഷ്ട്രീയമാണന്നും കേരളത്തിൽ മകളും മരുമകനുമാണെങ്കിൽ, തമിഴ്നാട്ടിൽ മകനും മരുമകനുമാണ് ഭരിക്കുന്നതെന്ന് അണ്ണാമലൈ പറഞ്ഞു.
സ്വാതന്ത്ര്യ ദിനത്തിനോട് അനുബന്ധിച്ച് ദേശീയ പതാക കൈയിലേന്തിയാണ് അണ്ണാമലൈയും മറ്റ് ബിജെപി അംഗങ്ങളും പദയാത്രയിൽ നടന്നത്. കളിയിക്കാവിളയിൽ നിന്നും ആരംഭിച്ച പദയാത്രയിൽ കുട്ടികളും സ്ത്രീകളും അടക്കം നൂറുകണക്കിന് ആളുകൾ അണിനിരന്നു. കളിയിക്കാവിളയിൽ വച്ച് ദേശീയ പതാക ഉയർത്തിയ ശേഷമായിരുന്നു യാത്ര ആരംഭിച്ചത്.യാത്ര കന്യാകുമാരിയിൽ അവസാനിച്ചു.