ലണ്ടൻ: ന്യൂസിലൻഡിനെതിരായ ഏകദിന, ടി20 പരമ്പരകൾക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. വിരമിക്കൽ തീരുമാനം പിൻവലിച്ച ബെൻ സ്റ്റോക്സ് ഇംഗ്ലണ്ട് ടീമിൽ തിരിച്ചെത്തിയതാണ് ഏറ്റവും വലിയ മാറ്റം. ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ സ്റ്റോക്സ് കളിക്കുമന്ന് ഇതോടെ ഉറപ്പായി. ടി20 ടീമിൽ ബെൻ സ്റ്റോക്സ് ഇല്ല. ജോ റൂട്ട് ഏകദിന ടീമിലുണ്ട്.
ജോസ് ബട്‌ലർ ആണ് ഇംഗ്ലണ്ട് ഏകദിന, ടി20 ടീമിനെ നയിക്കുന്നത്. സറേയുടെ പേസർ ഗസ് അറ്റ്കിൻസൺ ആണ് ഏകദിന ടീമിലെ പുതുമുഖം. കഴിഞ്ഞ വർഷമാണ് സ്റ്റോക്സ് ഏകദിന, ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ടിൻറെ ടെസ്റ്റ് ടീം നായകനായത്. 2019ലെ ഏകദിന ലോകകപ്പിൻറെ ഫൈനലിൽ ഇംഗ്ലണ്ടിൻറെ ടോപ് സ്കോറർ സ്റ്റോക്സ് ആയിരുന്നു. 84 റൺസുമായി പുറത്താകാതെ നിന്ന സ്റ്റോക്സിൻറെ ബാറ്റിംഗ് മികവിലാണ് ഇംഗ്ലണ്ട് കീവിസ് ഉയർത്തിയ 241 എന്ന സ്കോറിനൊപ്പമെത്തിയത്.
World Cup?
LOL. pic.twitter.com/8B6wzU3Dsy
— England Cricket (@englandcricket) August 16, 2023
ഇംഗ്ലണ്ടിൻറെ ലോകകപ്പ് ടീമിൽ തിരിച്ചെത്തുന്ന സ്റ്റോക്സ് സ്പെഷലിസ്റ്റ് ബാറ്ററായിട്ടായിരിക്കും കളിക്കുക. കാൽമുട്ടിലെ പരിക്കിനെ ശസ്ത്രക്രിയക്ക് വിധേയനാകാനിരുന്ന സ്റ്റോക്സ് ലോകകപ്പിൽ കളിക്കുന്ന സാഹചര്യത്തിൽ ശസ്ത്രക്രിയ നീട്ടിവെച്ചിട്ടുണ്ട്. കാൽമുട്ടിലെ പരിക്ക് കാരണം ലോകകപ്പിൽ കളിച്ചാലും സ്റ്റോക്സിന് പന്തെറിയാനാവില്ല.
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീം: ജോസ് ബട്ട്‌ലർ,മൊയിൻ അലി, ഗസ് അറ്റ്കിൻസൺ,ജോണി ബെയർസ്റ്റോ,സാം കറൻ, ലിയാം ലിവിംഗ്സ്റ്റൺ,ഡേവിഡ് മലൻ, ആദിൽ റഷീദ്,ജോ റൂട്ട്, ജേസൺ റോയ്, ബെൻ സ്റ്റോക്സ്, റീസ് ടോപ്ലി, ഡേവിഡ് വില്ലി,മാർക്ക് വുഡ്,ക്രിസ് വോക്സ്.
ന്യൂസിലൻഡിനെതിരായ ടി20 പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീം: ജോസ് ബട്ട്‌ലർ,റെഹാൻ അഹമ്മദ്,മൊയിൻ അലി,ഗസ് അറ്റ്കിൻസൺ,ജോണി ബെയർസ്റ്റോ, ഹാരി ബ്രൂക്ക്,സാം കറൻ,ബെൻ ഡക്കറ്റ്,വിൽ ജാക്സ്,ലിയാം ലിവിംഗ്സ്റ്റൺ,ഡേവിഡ് മലൻ, ആദിൽ റഷീദ്, ജോഷ് നാവ്,ജോൺ ടർണർ, ലൂക്ക് വുഡ്.