CrimeNEWS

സൂക്ഷിക്കുക ഇങ്ങനെയും പണം നഷ്ടപ്പെടാം… ഡെലിവറി കസ്റ്റമർ കെയർ ഏജൻ്റെന്ന വ്യാജേന 64 കാരിയിൽനിന്ന് തട്ടിയെടുത്തത് ഇരുപത്തയ്യായിരം രൂപ!

കേൾക്കുമ്പോൾ ഏറെ വിചിത്രമായി തോന്നാമെങ്കിലും ബാംഗ്ലൂരിൽ നിന്നും പുറത്തുവരുന്ന ഒരു തട്ടിപ്പിന്റെ കഥ ആശങ്കപ്പെടുത്തുന്നതാണ്. ബംഗളൂരു സ്വദേശിനിയായ ഒരു സ്ത്രീയിൽ നിന്നും ഫുഡ് ഡെലിവറി കസ്റ്റമർ കെയർ ഏജൻറ് ആണെന്ന വ്യാജേന ഒരാൾ തട്ടിയെടുത്തത് ഇരുപത്തയ്യായിരം രൂപയാണ്. ബെംഗളൂരുവിലെ നാഗവാര പ്രദേശത്ത് താമസിക്കുന്ന 64 കാരിയായ ശിൽപ സർണോബത്ത് ആണ് തട്ടിപ്പിനിരയായത്. ഓഗസ്റ്റ് 6 -ന് ഇവർ ഒരു ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം വഴി ഭക്ഷണം ഓർഡർ ചെയ്തു. എന്നാൽ ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ അവർ ഓർഡർ റദ്ദാക്കി. ഇതേത്തുടർന്ന് ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം അവർക്കെതിരെ ക്യാൻസലേഷൻ ചാർജുകൾ ചുമത്തി.

ഇതിനുശേഷം രണ്ട് ദിവസം കഴിഞ്ഞ് ഓഗസ്റ്റ് എട്ടിന് രാവിലെ ശിൽപയ്ക്ക് ഒരു അജ്ഞാത നമ്പറിൽ നിന്ന് കോൾ വന്നു. ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമിലെ കസ്റ്റമർ കെയർ ജീവനക്കാരനാണെന്ന് മറുവശത്തുള്ള ആൾ സ്വയം പരിചയപ്പെടുത്തി. ഫുഡ് ഓർഡർ വിശദാംശങ്ങൾ ചർച്ച ചെയ്ത ശേഷം ക്യാൻസലേഷൻ ചാർജ് തിരികെ വാങ്ങിത്തരാമെന്ന് അയാൾ പറഞ്ഞു വിശ്വസിപ്പിച്ചു. തുടർന്ന് ഇതിനായി ഒരു മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നും താൻ പറയുന്നത് അനുസരിച്ച് വിവരങ്ങൾ അതിൽ രേഖപ്പെടുത്തണമെന്നും അയാൾ ആവശ്യപ്പെട്ടു.

Signature-ad

ഇത്തരത്തിൽ നൽകിയ വിവരങ്ങളിൽ ശില്പയുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങളും ഉൾപ്പെട്ടിരുന്നു. അജ്ഞാതൻറെ ഫോൺ സംഭാഷണം അവസാനിച്ച് അല്പസമയം കഴിഞ്ഞപ്പോൾ ശില്പയ്ക്ക് തന്റെ അക്കൗണ്ടിൽ നിന്നും ഇരുപത്തയ്യായിരം രൂപ ആരോ പിൻവലിച്ചതായി സന്ദേശം ലഭിച്ചു. അപ്പോഴാണ് അവർക്ക് താൻ കബളിപ്പിക്കപ്പെടുകയായിരുന്നു എന്ന് മനസ്സിലായത്. ഉടൻതന്നെ അവർ തന്നെ വിളിച്ച നമ്പറിലേക്ക് തിരികെ വിളിച്ചെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായില്ല. തുടർന്ന് ലോക്കൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് ഇപ്പോൾ അന്വേഷണം നടത്തിവരികയാണ്.

Back to top button
error: