കൊച്ചി: കലൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ കൊലപ്പെടുത്തിയത് തന്നെപ്പറ്റി മോശമായി പറഞ്ഞതിലുള്ള പകമൂലെന്ന് പ്രതി നൗഷാദ്. തന്റെ ശാരീരികസ്ഥിതിയെ കുറിച്ച് സുഹൃത്തുക്കളോട് യുവതി അപകീര്‍ത്തികരമായി പറഞ്ഞു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് പ്രതിയുടെ മൊഴി. ഇന്നലെ രാത്രിയാണ് കലൂരിലെ ഹോട്ടല്‍ മുറിയില്‍ ചങ്ങനാശേരി സ്വദേശിയായ രേഷ്മ (27) കുത്തേറ്റ് മരിച്ചത്.
നേരത്തെയും യുവതി തന്റെ ശാരീരികസ്ഥിതിയെക്കുറിച്ച് മോശമായി സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായി നൗഷാദ് പറഞ്ഞു. ആവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കിയിട്ടും രേഷ്മ പിന്നെയും തുടര്‍ന്നു. ഇന്നലെ ഉച്ചയ്ക്ക് നൗഷാദ് രേഷ്മയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് വിളിച്ചുവരുത്തിയതെന്നും പോലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പോലീസ് പറഞ്ഞു.
കോഴിക്കോട് ബാലുശേരി സ്വദേശി നൗഷാദ് (31) ആണ് യുവതിയെ കൊലപ്പെടുത്തിയത്. കഴുത്തിന് പുറകില്‍ കുത്തേറ്റ രേഷ്മ സംഭസ്ഥലത്തുവച്ചു തന്നെ മരിച്ചു. സമൂഹമാധ്യമത്തിലൂടെ രേഷ്മയുമായി മൂന്ന് വര്‍ഷത്തിലേറെയായി അടുപ്പമുണ്ടെന്നും രണ്ടു ദിവസമായി തന്റെ കൂടെയുണ്ടെന്നുമാണ് നൗഷിദ് മൊഴി നല്‍കിയതെന്നും എന്നാല്‍ പിന്നീട് ഇയാള്‍ ഇത് മാറ്റിപ്പറഞ്ഞെന്നും പോലീസ് അറിയിച്ചു.
ബുധനാഴ്ച രാത്രി ഹോട്ടലില്‍ നിന്ന് വലിയ തോതില്‍ ബഹളം കേള്‍ക്കുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ രേഷ്മയെ കണ്ടെത്തിയത്. കഴുത്തിന് പുറകിലും കൈകളിലുമാണ് ഇവര്‍ക്ക് പരിക്കേറ്റത്. തുടര്‍ന്ന് ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളത്ത് ലാബ് അറ്റന്‍ഡറാണ് രേഷ്മ.