IndiaNEWS

മദ്യമല്ല വേണ്ടത്, കുടിവെള്ളം, മെഡിക്കല്‍ കോളേജ്… നീണ്ടൊരു ലിസ്റ്റ്!! ലക്ഷദ്വീപില്‍ മദ്യം ലഭ്യമാക്കുന്നത് സംബന്ധിച്ച് പൊതുജനാഭിപ്രായം തേടിയ സര്‍ക്കാരിന് മറുപടിയുമായി സംവിധായിക ഐഷ സുല്‍ത്താന

കവരത്തി: ലക്ഷദ്വീപിൽ മദ്യം ലഭ്യമാക്കുന്നത് സംബന്ധിച്ച് പൊതുജന അഭിപ്രായം തേടിയ സർക്കാരിന് മറുപടിയുമായി സംവിധായിക ഐഷ സുൽത്താന. ലക്ഷദ്വീപിലേക്ക് മദ്യം ആവശ്യമില്ലെന്നാണ് ജനങ്ങളുടെ അഭിപ്രായം. പകരം, കുടിവെള്ളം, ഭക്ഷണസാധനങ്ങൾ, മെഡിക്കൽ കോളേജ്, ഡോക്ടർമാർ, മരുന്ന് തുടങ്ങിയവയാണ് ആവശ്യമെന്ന് ഐഷ സുൽത്താന പറഞ്ഞു. ഇതിൽ ഏതെങ്കിലും ഒരെണ്ണമെങ്കിലും നടപ്പാക്കി തരാമോയെന്നും ഐഷ ചോദിച്ചു.

ഐഷ സുൽത്താനയുടെ കുറിപ്പ്: ”ലക്ഷദ്വീപിൽ മദ്യം ലഭ്യമാക്കണോ? എന്നതിനെ പറ്റി ജനങ്ങളോട് അഭിപ്രായം തേടിയിരിക്കയാണ് സർക്കാർ:?? ലക്ഷദ്വീപിലേക്ക് മദ്യം ‘ആവശ്യമില്ല’ എന്ന് തന്നെയാണ് ജനങ്ങളുടെ അഭിപ്രായം, മദ്യം പൂർണ്ണ നിരോധനമുള്ള സ്ഥലമാണ് ‘ഗുജറാത്ത്’ അല്ലെ അതേ പോലെ മദ്യം പൂർണ്ണ നിരോധനമുള്ള മറ്റൊരു സ്ഥലമാണ് ‘ലക്ഷദ്വീപ്’. ഗുജറാത്തിൽ നടപ്പാക്കാതിരിക്കുന്ന മദ്യവില്പന ലക്ഷദ്വീപിൽ നടപ്പാക്കാൻ ശ്രമിക്കുന്നതിന്റെ കാരണം എന്താണ്? ഇതാണോ ലക്ഷദ്വീപിന്റെ വികസനം? ലക്ഷദ്വീപിലെ ജനങ്ങൾക്ക് ആവശ്യം മദ്യമല്ല, പകരം കുടിവെള്ളമാണ്…നാട്ടുകാർക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളാണ്, ജനങളുടെ ചികിത്സയിക്ക് വേണ്ടിയുള്ള എല്ലാ സൗകര്യങ്ങളോടു കൂടിയ മെഡിക്കൽ കോളേജാണ്, ഡോക്ടർമ്മാരെയാണ്, മരുന്നുകളാണ്, വിദ്യാർത്ഥികൾക്ക് കോളേജും സ്‌കൂളുകളിലേക്ക് ടീച്ചർമ്മാരെയുമാണ്, മഴ പെയ്താൽ നാട് ഇരുട്ടിലാവാതിരിക്കാനുള്ള കറണ്ടുകളാണ്, മത്സ്യ ബന്ധന തൊഴിലാളിമാർക്കുള്ള പെട്രോളും മണ്ണണ്ണയും ഐസ് പ്ലാണ്ടുകളുമാണ്, ജനങ്ങൾക്ക് യാത്ര സൗകര്യം കൂട്ടികൊണ്ടുള്ള കപ്പലുകളാണ്, ഇന്നോടി കൊണ്ടിരിക്കുന്ന കപ്പലുകൾക്ക് എഞ്ചിൻ ഓഫ് ചെയ്യാനുള്ള സമയം പോലും കിട്ടാത്ത അവസ്ഥയാണ്, ഇക്കണക്കിന് പോയാൽ 20 വർഷം ഓടേണ്ട കപ്പൽ 10 വർഷമാകുമ്പോഴേക്കും കേടാകും, ഒന്നിനും കൊള്ളാത്ത അവസ്ഥയാവും അല്ലെ? കൊണ്ട് വരേണ്ടതും മാറ്റം വരുത്തേണ്ടതും ഇതിലൊക്കെയാണ്. ഇതൊക്കെയാണ് ഞങ്ങൾ ജനങളുടെ ആവശ്യം…ഇതിൽ ഏതെങ്കിലും ഒരെണ്ണമെങ്കിലും നടപ്പാക്കി തരാമോ?.”

Signature-ad

ലക്ഷദ്വീപിലെ മദ്യനിരോധനം പിൻവലിക്കുന്നതിന്റെ ഭാഗമായി അബ്കാരി നിയമത്തിന്റ കരട് പ്രസിദ്ധീകരിച്ചിരുന്നു. കരട് ബില്ലിൽ മുപ്പത് ദിവസത്തിനുള്ളിൽ അഭിപ്രായം അറിയിക്കാനാവശ്യപ്പെട്ട് അഡീഷണൽ ജില്ലാ കളക്ടർ ഡോ. ആർ ഗിരിശങ്കറാണ് ഉത്തരവിറക്കിയത്. നിലവിൽ മദ്യം നിരോധന മേഖലയാണ് ലക്ഷദ്വീപ്. ജനവാസമില്ലാത്ത അഗത്തിയിൽ നിന്ന് ഒമ്പത് മൈൽ അകലെയുള്ള ടൂറിസ്റ്റ് കേന്ദ്രമായ ബങ്കാരം ദ്വീപിൽ ടൂറിസ്റ്റുകൾക്ക് മാത്രമായി ഇപ്പോൾ നിയന്ത്രണത്തോടെ മദ്യവിതരണമുണ്ട്. ഇത് ആൾപ്പാർപ്പുള്ള ദ്വീപുകളിലേക്കും വ്യാപിപ്പിക്കാനാണ് സർക്കാർ നീക്കം. എക്‌സൈസ് കമ്മിഷണറെ നിയമിക്കൽ, എക്‌സൈസ് വകുപ്പ് രൂപവത്കരിക്കൽ, മദ്യനിർമാണം, സംഭരണം, വിൽപ്പന എന്നിവയ്ക്ക് ലൈസൻസ് നൽകൽ, നികുതിഘടന, വ്യാജമദ്യ വിൽപ്പനയ്ക്കുള്ള ശിക്ഷ തുടങ്ങിയവ അടങ്ങുന്ന വിശദമായ ചട്ടങ്ങളാണ് കരട് ബില്ലിലുള്ളത്. വിഷയത്തിൽ സെപ്റ്റംബർ മൂന്നിനുള്ളിൽ പൊതുജനം അഭിപ്രായം അറിയിക്കണമെന്നാണ് നിർദേശം.

Back to top button
error: