കേരളത്തിലെ കോവിഡ് വൈറസിലും ജനിതകമാറ്റമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. അതേസമയം ബ്രിട്ടനില്‍ കണ്ടെത്തിയ അതേ വൈറസാണോ ഇതെന്ന് കണ്ടെത്താനുളള കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കുന്നതായി മന്ത്രി പറഞ്ഞു. ബ്രിട്ടനില്‍ നിന്ന് എട്ട് പേര്‍ക്കാണ് നിലവില്‍ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. പേടിക്കേണ്ടതായ സാഹചര്യം കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും മരണം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ കോഴിക്കോട് കേന്ദ്രമായിട്ടാണ് ഗവേഷണം നടത്തിയതെന്നും കോവിഡില്‍ മാറ്റമുണ്ടാകുന്നുവെന്ന് കണ്ടെത്തിയെന്നും കൂടുതല്‍ പരിശോധന നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. യു.കെയിലെ ജനിതകമാറ്റം സംഭവിച്ച വൈറസാണോ എന്നറിയാന്‍ ബ്രിട്ടനില്‍നിന്നെത്തിയ കോവിഡ് പോസിറ്റീവായ എട്ട് പേരുടെ സാമ്പിളുകള്‍ പുനെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൂടുതല്‍ പരിശോധനകള്‍ക്കായി അയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ജനിതക മാറ്റം സംഭവിച്ച മാരക കോവിഡ് വൈറസ് ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അവിടെനിന്ന് വന്നവര്‍ക്ക് പ്രത്യേക പ്രോട്ടോകോളാണ് ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയത്. നവംബര്‍ 25നു ശേഷം 68 പേര്‍ കോഴിക്കോട് ജില്ലയില്‍ എത്തിയതായാണ് സര്‍ക്കാരിന്റെ പുതിയ കണക്ക്. ഇതില്‍ 14 ദിവസം മുമ്പ് എത്തിയവര്‍ അതിജാഗ്രതാ നിരീക്ഷണത്തിലാണ്.