പത്തനംതിട്ട: ആശുപത്രിയില്‍ പ്രസവിച്ചുകിടന്ന യുവതിയെ ഞരമ്പിലേക്ക് വായുകുത്തിവെച്ച് കൊല്ലാന്‍ശ്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ അനുഷ വാട്സാപ്പ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്തതായി കണ്ടെത്തല്‍. അനുഷയുടെ വാട്സാപ്പ് അക്കൗണ്ടിലെ സന്ദേശങ്ങളെല്ലാം ക്ലിയര്‍ചാറ്റ് ചെയ്തെന്നാണ് പോലീസ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്. യുവതിയുടെ മൊബൈല്‍ഫോണ്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പോലീസ് പറയുന്നു.
പരുമലയിലെ ആശുപത്രിയില്‍ പ്രസവം കഴിഞ്ഞ കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്നേഹയെ (24)യെയാണ് കായംകുളം പുല്ലുകുളങ്ങര കണ്ടല്ലൂര്‍ വെട്ടത്തേരില്‍ കിഴക്കേതില്‍ അനുഷ (30) നഴ്സിന്റെ വേഷത്തിലെത്തി കൊല്ലാന്‍ ശ്രമിച്ചത്. സ്നേഹയുടെ ഭര്‍ത്താവ് അരുണിന്റെ സുഹൃത്താണ് അനുഷ.
നഴ്സുമാരെത്തി കണ്ടപ്പോള്‍ തന്നെ ആശുപത്രി ജീവനക്കാരിയല്ലെന്ന് മനസ്സിലായി. ആശുപത്രിയില്‍ കുത്തിവെയ്‌പെടുക്കാന്‍ നിയോഗിച്ചിട്ടുള്ള നഴ്സുമാര്‍ക്ക് പ്രത്യേക യൂണിഫോമാണ്. എന്നാല്‍ അനുഷ ധരിച്ചിരുന്നത് അത്തരത്തിലുള്ളതായിരുന്നില്ല. ചോദ്യംചെയ്തതോടെ ഇവര്‍ മുറിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നഴ്സുമാര്‍ തടഞ്ഞുവെച്ച് സുരക്ഷാജീവനക്കാരെ അറിയിച്ചു. പിന്നീട് പോലീസെത്തി കസ്റ്റഡിയിലെടുത്തു.
സ്നേഹയുടെ ഭര്‍ത്താവ് അരുണും പ്രതി അനുഷയും തമ്മില്‍ ദീര്‍ഘകാലമായി സുഹൃത്തുക്കളാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അരുണും അനുഷയുടെ സഹോദരിയും ഒരുമിച്ച് പഠിച്ചവരാണ്. ഒരുവര്‍ഷം മുന്‍പാണ് അനുഷയുടെ രണ്ടാംവിവാഹം കഴിഞ്ഞത്. ആദ്യവിവാഹബന്ധം വേര്‍പ്പെടുത്തിയശേഷം സ്‌കൂള്‍കാലത്ത് ഒരുമിച്ച് പഠിച്ചയാളെയാണ് അനുഷ രണ്ടാമത് വിവാഹം കഴിച്ചത്. നിലവിലെ ഭര്‍ത്താവ് വിദേശത്താണ്. അനുഷയുടെ വിവാഹചടങ്ങില്‍ സ്നേഹയും സഹോദരനും പങ്കെടുത്തിരുന്നു. ഈ സമയം അരുണ്‍ വിദേശത്തായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
സുഹൃത്തായ അരുണിനെ തനിക്ക് സ്വന്തമാക്കാനുള്ള ആഗ്രഹത്തെത്തുടര്‍ന്നാണ് സ്നേഹയെ വായുകുത്തിവെച്ച് കൊല്ലാന്‍ശ്രമിച്ചതെന്നാണ് പ്രതി അനുഷ പോലീസിന് നല്‍കിയ മൊഴി. ഫാര്‍മസി കോഴ്സ് പൂര്‍ത്തിയാക്കിയ അനുഷ നേരത്തെ മാവേലിക്കരയിലെ ഒരു ആശുപത്രിയില്‍ ആറുമാസത്തെ പരിശീലനം നേടിയിരുന്നു. ഫാര്‍മസി കോഴ്സ് പഠിച്ചതിനാല്‍ ഞരമ്പില്‍ വായുകുത്തിവെച്ച് അപകടമുണ്ടാക്കാമെന്നും ഇത് സ്വാഭാവികമരണമായി ചിത്രീകരിക്കാമെന്നും യുവതി കരുതിയിരുന്നതായാണ് പ്രാഥമികനിഗമനം.