ഗുഡ്ഗാവ്:വർഗ്ഗീയകലാപം രൂക്ഷമായ ഹരിയാനയിലെ സോന്ഹയിൽ ഇസ്ലാംമത വിശ്വാസികള്‍ക്ക് കാവലായത് സിഖ് മതസ്ഥര്‍.സോഹ്നയിലെ മുസ്ലിം പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ മുപ്പതോളം ഇസ്ലാംമത വിശ്വാസികള്‍ക്കാണ് സിഖ് മതസ്ഥർ രക്ഷകരായത്.
സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ചൊവ്വാഴ്ചയാണ് തീവ്ര ഹിന്ദുത്വവാദികളുടെ നൂറോളം പേരടങ്ങുന്ന സംഘം സോഹ്നയിലെ മുസ്ലിം പള്ളി ആക്രമിച്ചത്. ഇമാമും കുടുംബവും, പന്ത്രണ്ടോളം കുട്ടികളുമടങ്ങുന്ന സംഘവുമായിരുന്നു അക്രമം നടക്കുന്ന സമയത്ത് പള്ളിയിലുണ്ടായിരുന്നത്.സോഹ്നയിലെ ഷാഹി മസ്ജിദ് കോമ്ബൗണ്ടില്‍ നിരവധി കുടുംബങ്ങള്‍ താമസിക്കുകയും കുട്ടികള്‍ പഠിക്കുകയും ചെയ്യുന്നുണ്ട്.
പ്രദേശത്ത് പുതിയ സംഘര്‍ഷമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സമാധാനാന്തരീക്ഷമാണെന്നും പൊലീസ് അറിയിച്ച് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ആക്രമമെന്ന് ഷാഹി മസ്ജിദ് ഇമാമായ കലീം പറഞ്ഞു.അക്രമികള്‍ പള്ളിക്കുള്ളില്‍ അതിക്രമിച്ച് കയറുകയും വസ്തുക്കള്‍ അടിച്ച് തകർക്കുകയുമായിരുന്നു.ഒടുവിൽ സമീപത്തുള്ള സിഖ് മതസ്ഥർ ഓടിയെത്തിയാണ് ഞങ്ങൾക്ക് സുരക്ഷ ഒരുക്കിയത്-ഇമാം പറയുന്നു.
പ്രദേശവാസികളില്‍ നിന്നും ഫോണ്‍ സന്ദേശം ലഭിച്ചപ്പോഴാണ് വിവരമറിഞ്ഞതെന്നും ഉടനെ പള്ളിയിലേക്ക് എത്തുകയായിരുന്നുവെന്നും പ്രദേശവാസിയായ ഗുഡ്ഡു സിംഗ് പറഞ്ഞു. പന്ത്രണ്ടോളം പൊലീസുകാര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. ആക്രമികള്‍ ഏതാണ്ട് നൂറിലധികം ഉണ്ടായിരുന്നുവെന്നും ഗുഡ്ഡു സിംഗ് പറഞ്ഞു.
ഗ്രാമമുഖ്യനായ ഗുര്‍ചരണ്‍ സിംഗും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തിരുന്നു. “ആര്‍ക്കും പ്രയാസമോ ദോഷമോ ഉണ്ടാക്കുന്ന ഒരു വിഷയത്തിലും ഇടപെടാനോ മറ്റൊരു വിഭാഗത്തിനെ ദ്രോഹിക്കാനോ ഞങ്ങള്‍ക്ക് താത്പര്യമില്ല. ഇവിടെ ഞങ്ങള്‍ ഇടപെട്ടത് നിരവധി പേരുടെ ജീവൻ അപകടത്തിലായതിനാലാണ്. ഞങ്ങളുടെയാളുകള്‍ എല്ലാവരെയും കൃത്യസമയത്ത് രക്ഷപ്പെടുത്തി” ഗുര്‍ചരണ്‍ സിംഗ് പറഞ്ഞു.