ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുന്ന എസ്.എൻ ജങ്ഷൻ- തൃപ്പൂണിത്തുറ പാതക്ക് 1.163 കിലോമീറ്ററാണ് ദൂരം.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ഡിസംബറില്‍ സ്റ്റേഷനിലേക്കുള്ള സര്‍വിസ് ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഇവിടേക്കുള്ള സുരക്ഷ കമീഷണറുടെ പരിശോധന സെപ്റ്റംബറിലോ ഒക്ടോബറിലോ നടന്നേക്കും. സ്റ്റേഷൻ കെട്ടിടത്തിന്‍റെ നിര്‍മാണം പുരോഗമിക്കുകയാണ്. സ്റ്റേഷൻ പരിസരത്തെ ഇലക്‌ട്രിക്കല്‍, പെയിന്‍റിങ് ജോലി അവസാനഘട്ടത്തിലാണ്. ജൂണിലെ കണക്ക് പ്രകാരം കൊച്ചി മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ ശരാശരി എണ്ണം 82,024 ആണ്. എസ്.എൻ ജങ്ഷൻ വരെ നീട്ടിയതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്.
തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനിന് സമീപത്താണ് മെട്രോ സ്റ്റേഷൻ. അതിനാല്‍ ട്രെയിനിലെത്തുന്ന യാത്രക്കാര്‍ക്ക് ഏറെ സൗകര്യമായിരിക്കും മെട്രോ. ഇതിനോട് ചേര്‍ന്നുതന്നെ ബസ് ഡിപ്പോയും നിര്‍മിച്ച് റെയില്‍, മെട്രോ, ബസ് സംയോജിത ഗതാഗത സംവിധാനമെന്ന ആശയം സാക്ഷാത്കരിക്കാനാണ് ശ്രമം.
രണ്ടാംഘട്ടത്തിന്‍റെ സ്ഥലമേറ്റെടുപ്പ് നവംബറില്‍ പൂര്‍ത്തീകരിക്കും. പാലാരിവട്ടം മുതല്‍ കുന്നുംപുറം വരെയുള്ള ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തീകരിച്ചു. ജെ.എല്‍.എൻ സ്റ്റേഡിയം മുതല്‍ പാലാരിവട്ടം വരെയുള്ളത് സെപ്റ്റംബര്‍ 30ന് അവസാനിക്കുമെന്നാണ് കരുതുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.