KeralaNEWS

സംസ്ഥാന സർക്കാർ പുതുക്കിപ്പണിത ട്രാവൻകൂര്‍ ഹൗസിനുമേൽ അവകാശം ഉന്നയിച്ച് തിരുവിതാംകൂര്‍ രാജകുടുംബം

ന്യൂഡൽഹി: ദില്ലിയിലെ ബാരക്കമ്പ റോഡിന് സമീപം സംസ്ഥാന സർക്കാർ പുതുക്കിപ്പണിത ട്രാവൻകൂര്‍ ഹൗസിനുമേൽ അവകാശം ഉന്നയിച്ച് തിരുവിതാംകൂര്‍ രാജകുടുംബം.പുതുക്കിപ്പണിത ട്രാവൻകൂര്‍ ഹൗസ് വെള്ളിയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് രാജകുടുംബം അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഏക്കര്‍ ഒന്നിന് 1800 രൂപ വീതം നല്‍കിയാണ് 8.195 ഏക്കറിലുള്ള ട്രാവൻകൂര്‍ ഹൗസ് തിരുവിതാംകൂർ രാജാവ് സ്വന്തമാക്കിയത്.ഇതിനടുത്തുള്ള കപൂര്‍ത്തല ഹൗസും തിരുവിതാംകൂര്‍ മഹാരാജാവ് സ്വന്തമാക്കിയിരുന്നു.എന്നാൽ രണ്ടാം ലോക മഹായുദ്ധകാലത്ത് ഈ രണ്ടു വസ്തുക്കളും തിരുവിതാംകൂര്‍ മഹാരാജാവിൽ നിന്നും ഇന്ത്യാ ഗവണ്‍മെന്‍റ് ഏറ്റെടുത്തിരുന്നു.

1948 മാര്‍ച്ച്‌ ഒന്നുമുതല്‍ മേല്‍പ്പറഞ്ഞ വയസ്തുവകകള്‍ മാസം 3500 രൂപ വീതം വാടക സ്വീകരിച്ച്‌ സോവിയറ്റ് എംബസിക്ക് ന്യൂഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ പത്തുവര്‍ഷത്തേയ്ക്ക് വാടകയ്ക്കും നല്‍കിയിരുന്നു.പിന്നീട് സംസ്ഥാന സർക്കാർ നിയമനടപടികളിലൂടെയാണ് ഈ‌ വസ്തുവകകൾ തിരിച്ചു പിടിച്ചത്.

Signature-ad

ഈ ഭൂമിയുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് 2019 ഫെബ്രുവരി 17ന് തിരുവിതാംകൂര്‍ രാജകുടുംബാംഗം ആദിത്യവര്‍മ ന്യൂഡല്‍ഹി ലാൻഡ് ആൻഡ് ഡവലപ്മെന്‍റ് കമ്മിഷണര്‍ക്ക് അപേക്ഷ നല്‍കിയിട്ടുള്ളതാണെന്ന് രാജകുടുംബം വിശദീകരിച്ചു. ഡെപ്യൂട്ടി ലാൻഡ് ആൻഡ് ഡവലപ്മെന്‍റ് കമ്മിഷണര്‍ ഇക്കാര്യത്തില്‍ വിശദീകരണമാവശ്യപ്പെട്ട് കേരള സര്‍ക്കാരിന് കത്തയച്ചെങ്കലും ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും രാജകുടുംബം പറയുന്നു.

 മുൻകാല രാജകുടുംബാംഗങ്ങളുമായി ഉണ്ടാക്കിയ കരാറുകള്‍ ഒരു കാരണവശാലും ലംഘിക്കപ്പെടരുതെന്ന് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 363 പ്രകാരം നിര്‍വചിച്ചിട്ടുണ്ടെന്നും ‍മേല്പ്പറഞ്ഞ വസ്തുവകകളിലുള്ള ഉടമസ്ഥാവകാശം തിരുവിതാംകൂര്‍ മഹാരാജാവില്‍ നിക്ഷിപ്തമാണെന്ന് തെളിയിക്കുന്ന മുഴുവൻ രേഖകളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും നഗരകാര്യ മന്ത്രാലയത്തിനും നല്‍കിയിട്ടുണ്ടെന്നും കുടുംബം പറയുന്നു.

 എൻഡിഎംസിയുടെയോ പുരാവസ്തുവകുപ്പിന്‍റെയോ അനുമതിയില്ലാതെയാണ് കേരള സര്‍ക്കാര്‍ പൊതു പണം മുടക്കി തിരുവിതാംകൂര്‍ മഹാരാജാവിന്‍റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂര്‍ പാലസ് പുതുക്കിപ്പണിയുന്നതെന്നും രാജകുടുംബം ആരോപിക്കുന്നു.കേരളസര്‍ക്കാര്‍ ഇപ്പോള്‍ നടത്തി വരുന്ന നിര്‍മാണം ഉള്‍പ്പെടെയുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്നും രാജകുടുംബം വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Back to top button
error: