CrimeNEWS

ഡ്യൂട്ടിക്കിടെ ഉറങ്ങുന്നത് ആരോഗ്യത്തിന് ഹാനികരം! ഉറങ്ങുന്ന യാത്രക്കാരന്റെ ഫോണ്‍ കവര്‍ന്നശേഷം കിടന്നുറങ്ങിയ മോഷ്ടാവ് പിടിയില്‍

പാലക്കാട്: ഉറങ്ങിക്കിടന്ന യാത്രക്കാരന്റെ മൊബൈല്‍ഫോണ്‍ കവര്‍ന്ന മോഷ്ടാവും ഉറങ്ങിയതോടെ പോലീസിന്റെ പിടിയിലായി. ചൊവ്വാഴ്ച രാവിലെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഏഴാംനമ്പര്‍ പ്ലാറ്റ്‌ഫോമിലാണ് സംഭവം. കോഴിക്കോട് ചേവായൂര്‍ കൊടുവാട്ടുപറമ്പില്‍ പ്രജീഷിനെയാണ് (43) പോലീസ് അറസ്റ്റുചെയ്തത്.

ഗോവ സ്വദേശിയായ ഓംപ്രകാശ് പ്രഭാതിന്റെ ഒന്നേകാല്‍ ലക്ഷം രൂപ വിലവരുന്ന മൊബൈല്‍ഫോണ്‍ പ്രജീഷ് കവരുകയായിരുന്നു. ഓംപ്രകാശ് പ്രഭാത് കുടുംബത്തോടൊപ്പം ബംഗളൂരുവിലേക്ക് പോകാനായി മറ്റൊരു ട്രെയിനില്‍ പുലര്‍ച്ചെ എത്തിയതായിരുന്നു ഷൊര്‍ണൂരില്‍. സ്റ്റേഷനിലെത്തിയപ്പോള്‍ ഓംപ്രകാശ് പ്രഭാത് ആറാം നമ്പര്‍ പ്ലാറ്റ്ഫോമിലെ കാത്തിരിപ്പുബെഞ്ചിലിരുന്നുറങ്ങി. ഈ സമയത്ത് പ്രജീഷ് പോക്കറ്റില്‍ നിന്ന് മൊബൈല്‍ഫോണ്‍ കവരുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

Signature-ad

മൊബൈല്‍ഫോണ്‍ കവര്‍ന്ന് ബാഗില്‍ സൂക്ഷിച്ചശേഷം ഏഴാംനമ്പര്‍ പ്ലാറ്റ്ഫോമിലെ കാത്തിരിപ്പുബെഞ്ചില്‍ പ്രജീഷും ഉറങ്ങി. മൊബൈല്‍ നഷ്ടപ്പെട്ട വിവരം പോലീസില്‍ അറിയിച്ച ഉടന്‍ പോലീസ് പ്ലാറ്റഫോമുകളില്‍ പരിശോധനനടത്തി. പ്ലാറ്റ്‌ഫോമില്‍ ഉറങ്ങുകയായിരുന്ന പ്രജീഷിന്റെ ബാഗില്‍നിന്ന് ലഭിച്ച ഫോണ്‍ പരിശോധിച്ചതോടെയാണ് പിടിയിലാകുന്നത്. പ്രജീഷിന്റെ ഭാര്യവീട് പട്ടാമ്പി കൊപ്പത്താണെന്നും അവിടേക്കുള്ള യാത്രക്കിടെ ഷൊര്‍ണൂരില്‍ ഇറങ്ങിയാണ് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതെന്നും എസ്.ഐ. അനില്‍ മാത്യു പറഞ്ഞു. ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് പ്രജീഷിനെ അറസ്റ്റുചെയ്തത്. പ്രജീഷിനെ കോടതി റിമാന്‍ഡുചെയ്തു.

Back to top button
error: