കുവൈത്തിലെ 18 ലക്ഷം പ്രവാസികളെ നാടുകടത്തണമെന്ന വിചിത്രമായ ആവശ്യവുമായി കുവൈത്ത് പാര്‍ലിമെന്റ് അംഗം രംഗത്ത്. സര്‍ക്കാരിന്റെ ചതുര്‍ വത്സര കര്‍മ പരിപാടികളുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവേ ഫാരിസ് അല്‍ ഒതൈബി എന്ന പാര്‍ലിമെന്റ് അംഗമാണ് കഴിഞ്ഞ ദിവസം ഈ ആവശ്യം പാര്‍ലിമെന്റില്‍ ഉന്നയിച്ചത്.
ജനസംഖ്യാ ഘടന ഭേദഗതി വരുത്തുന്നതില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്തെ പ്രവാസികളുടെ എണ്ണം 33 ലക്ഷം എന്നത് മാറ്റമില്ലാതെ തുടരുകയാണ്. അതായത് കുവൈത്തിന്റെ മൊത്തം ജനസംഖ്യയായ 48 ലക്ഷത്തിന്റെ 69 ശതമാനവും വിദേശികളാണ്. പ്രവാസികളുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും ഇതുവരെ ഇതിനൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും എം പി പറഞ്ഞു.
പ്രവാസികള്‍ക്ക് പുതിയ വിസകളും ആശ്രിത വിസകളും സന്ദര്‍ശക വിസകളും അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ കര്‍ശന നിയമങ്ങളാണ് സ്വീകരിക്കുന്നത്. തൊഴില്‍ വിസ അനുവദിക്കുന്നതും യുക്തിസഹമാക്കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാജ്യത്തെ പ്രവാസികളുടെ താമസ കാലാവധി നിയന്ത്രിക്കുന്നതിന് നിലവിലെ താമസ നിയമം പുനപ്പരിശോധിക്കാന്‍ പദ്ധതിയുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ഇതിനിടെ കുവൈത്തിലെ കോഓപ്പറേറ്റീവ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 250 പ്രവാസികളെ ജൂലൈ മാസത്തോടെ പിരിച്ചുവിടുമെന്ന് റിപ്പോർട്ട്. സൂപ്പർവൈസറി തസ്‍തികകളിൽ ജോലി ചെയ്യുന്നവരെയാണ് ഒഴിവാക്കുന്നത്. സഹകരണ മേഖലയിൽ സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. മലയാളികൾ ഉൾപ്പെടെയുള്ളവർ ഇത്തരം തസ്‍തികകളിൽ ജോലി ചെയ്യുന്നുണ്ട്.
സൂപ്പർവൈസർ, സീനിയർ സൂപ്പർവൈസർ തസ്‍തികകളിൽ പ്രവാസികളെ ഒഴിവാക്കി സ്വദേശിവത്കരണം നടപ്പാക്കാനാണ് തീരുമാനം. കുവൈത്തിലെ സാമൂഹികകാര്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ എന്നിവയുടെ നേതൃത്വത്തിലാണ് ഇതിന് ആവശ്യമായ നടപടികൾ മുന്നോട്ടുപോകുന്നതെന്ന് പ്രാദേശിക ദിനപ്പത്രം അൽ ഖബസിന്റെ റിപ്പോർട്ട് ചെയ്യുന്നു. അടുത്തിടെ നടന്ന ബന്ധപ്പെട്ട വകുപ്പുകളിൽ പ്രതിനിധികൾ ഉൾപ്പെട്ട യോഗത്തിൽ സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നതിനുളള നടപടികൾ സ്വീകരിക്കാൻ ധാരണയായിരുന്നു.
ഓരോ സഹകരണ സ്ഥാപനത്തിൽ നിന്നും ഒഴിവാക്കേണ്ട പ്രവാസികളുടെ പേരുകൾ ഉൾപ്പെടുന്ന പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കുയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. രാജ്യത്തെ സ്വദേശികളും പ്രവാസികളും തമ്മിലുള്ള അനുപാതം സന്തുലിതമായി നിലനിർത്തുന്നതിന് ആവശ്യമായ പദ്ധതികൾ സ്വീകരിച്ചുവരികയാണെന്നും സൂപ്പർവൈസറി തസ്‍തികകൾക്ക് ശേഷം മറ്റ് തസ്‍തികകളിലേക്കും സ്വദേശിവത്കരണം ക്രമേണ വ്യാപിപ്പിക്കുമെന്നും അധികൃതർ പറയുന്നു|
കുവൈത്തിൽ തൊഴിൽ, താമസ നിയമ ലംഘനത്തെ തുടർന്ന് കഴിഞ്ഞ മാസം 989 പ്രവാസികൾ അറസ്റ്റിലായി. താമസകാര്യ വകുപ്പിലെ അന്വേഷണ വിഭാഗവും മാനവ ശേഷി സമിതിയുടെയും നേതൃത്വത്തിലുള്ള ത്രികക്ഷി സമിതിയും സഹകരിച്ചു കൊണ്ട് നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ പിടിയിലായത്.
കബ്ദ്, ഉമ്മുൽ ഹൈമാൻ, ദഹർ, ശുവൈഖ്, ജലീബ്, ഫർവാനിയ, മഹ്ബൂല, ഖൈതാൻ മുതലായ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. മൊബൈൽ ഹോം സലൂണുകൾ, ഹോട്ടലുകൾ, ട്രാൻസ്‌പോർട്ടേഷൻ, നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നവരും, ഇരുമ്പ്, ഭക്ഷ്യ വസ്തുക്കൾ, പുതിയതും ഉപയോഗിച്ചതുമായ ഉപകരണങ്ങൾ മുതലായ വിൽക്കുന്ന കടകളിലും മറ്റും ജോലി ചെയ്യുന്നവരുമാണ് പിടിയിലായവരിലധികവും.
ഇവരിൽ ഭൂരിഭാഗം പേരും ഗാർഹിക തൊഴിലാളി വിസയിൽ ഉള്ളവരാണ്. ഇവരുടെ തൊഴിലുടമകൾക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.