CrimeNEWS

സമൂഹമാധ്യമങ്ങളിലൂടെ യുവതിയെ ലൈംഗികമായി അപമാനിച്ച കേസ്: വാദിയും പ്രതിയും തമ്മില്‍ ഒത്തുതീര്‍ത്തു, പക്ഷേ കേസ് റദ്ദാക്കണമെങ്കില്‍ 50 വൃക്ഷത്തൈകള്‍ നടണമെന്ന് ഹൈക്കോടതി

നൈനിറ്റാള്‍: സമൂഹമാധ്യമങ്ങളിലൂടെ യുവതിയെ ലൈംഗികമായി അപമാനിച്ച കേസിലെ പ്രതിക്ക് കേസ് റദ്ദാക്കാന്‍ വേറിട്ട ശിക്ഷയുമായി കോടതി. വാദിയും പ്രതിയും തമ്മില്‍ ഒത്തു തീര്‍ന്ന കേസ് നിയമപരമായി റദ്ദാക്കാനായി കോടതിയെ സമീപിച്ചപ്പോഴാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി വ്യത്യസ്ത ശിക്ഷ വിധിച്ചത്. കേസ് റദ്ദാക്കണമെങ്കില്‍ 50 വൃക്ഷത്തൈകള്‍ നടണം എന്നായിരുന്നു കോടതി യുവാവിന് നല്‍കിയ നിര്‍ദ്ദേശം.

ജൂലൈ 19ന് പാസാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് ശരദ് കുമാര്‍ ശര്‍മ യുവാവിനോട് മരം നടാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചെയ്ത കുറ്റത്തിന്‍റെ തീവ്രത പ്രതിയെ ബോധ്യപ്പെടുത്താനാണ് കോടതിയുടെ നടപടി. നീരജ് കിരോല എന്ന യുവാവാണ് കേസ് റദ്ദാക്കാനായി കോടതിയെ സമീപിച്ചത്. മരം നട്ടാല്‍ മാത്രം പോര, സ്വന്തം ചെലവില്‍ ഒരു മാസത്തിനുള്ളില്‍ മരങ്ങള്‍ നട്ടതായി ഹോര്‍ട്ടിക്കള്‍ച്ചര്‍ വിഭാഗത്തില്‍ നിന്നുള്ള സ്ഥിരീകരണം ലഭിക്കുന്ന മുറയ്ക്കാവും കേസ് റദ്ദാക്കുക എന്ന് വ്യക്തമാക്കിയാണ് കോടതി ഉത്തരവ്. ഇതില്‍ വീഴ്ച വരുന്ന പക്ഷം സ്വാഭാവികമായി കേസ് വീണ്ടും പരിഗണിക്കുമെന്നും, യുവാവിനെതിരെ ക്രിമിനല്‍ നടപടി ക്രമം അനുസരിച്ചുള്ള ശിക്ഷാ നടപടികള്‍ ഉണ്ടാവുമെന്നും കോടതി ഉത്തരവ് വ്യക്തമാക്കുന്നു.

Signature-ad

ഭാവിയില്‍ ഇത്തരം കുറ്റകൃത്യം ചെയ്യുന്നതില്‍ നിന്ന് യുവാവിനെ പിന്തിരിപ്പിക്കുന്ന രീതിയിലുള്ളതാണ് നടപടി. സമാന നടപടികളുമായി വരുന്നവര്‍ക്ക് ഒരു പാഠമാകാനാണ് ഇത്തരമൊരു വിധിയെന്നും കോടതി വ്യക്തമാക്കുന്നു. യുവതിക്ക് ഫേസ്ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുകയും നിരന്തരം അശ്ലീല വീഡിയോകള്‍ അയയക്കുകയും ചെയ്തതുവെന്നതാണ് യുവാവിന്റെ കുറ്റം.

ഐടി ആക്ട് പ്രകാരവും സ്ത്രീത്വത്തെ അപമാനിച്ചതടക്കം ചുമത്തിയായിരുന്നു യുവാവിനെതിരെ എഫ്ഐആറും കുറ്റപത്രവും സമര്‍പ്പിച്ചത്. ക്രിമിനല്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെ യുവാവ് യുവതിയോട് ക്ഷമാപണം നടത്തുകയായിരുന്നു. സത്യവാങ്മൂലത്തില്‍ നല്‍കിയ ക്ഷമാപണം യുവതി സ്വീകരിച്ചതോടെയാണ് നീരജ് കേസ് റദ്ദാക്കാന്‍ അനുവാദം തേടി കോടതിയെ സമീപിച്ചത്.

Back to top button
error: