വാഹനത്തിൻറെ നാല് ടേണിംഗ് ഇൻഡിക്കേറ്ററുകളും ഒരുമിച്ച് പ്രവർത്തിപ്പിക്കുന്നതിനെയാണ് ഹസാർഡ് വാർണിംഗ് ലൈറ്റ് എന്ന് പറയുന്നത്. വാഹനത്തിലെ ഡാഷ് ബോർഡിലുള്ള ചുവന്ന സ്വിച്ച് ആണ് ഹസാർഡ് വാർണിംഗ് ലൈറ്റിനെ പ്രവർത്തിപ്പിക്കുന്നത്. എന്നാൽ വാഹനങ്ങളിൽ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്ന സുരക്ഷാ സംവിധാനങ്ങളിൽ ഒന്നാണ് ഹസാർഡ് ലാമ്പുകൾ. നമ്മുടെ പൊതുനിരത്തുകളിൽ കണ്ടുവരുന്ന തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രവണതയാണ് ഹസാർഡ് വാർണിംഗ് ലൈറ്റിൻറെ ദുരുപയോഗം.
പല റോഡുകൾ ചേരുന്ന ജംഗ്‌ഷനുകളിൽ നേരെ പോകുന്നതിലേക്കായി ഹസാർഡ് വാർണിംഗ് ലൈറ്റ് ഉപയോഗിക്കാറുണ്ട് പലരും. മഴയത്തും മഞ്ഞത്തുമൊക്കെ ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കുന്നവരും കുറവല്ല. ആഡംബരം എന്ന രീതിയിൽ വെറുമൊരു രസത്തിന് ഇത് ഉപയോഗിക്കുന്നവരും ഉണ്ട്. എന്താണ് ഹസാർഡ് ലൈറ്റുകളെന്നും വാഹനത്തിലെ അവയുടെ ഉപയോഗം എന്താണെന്നും എപ്പോഴൊക്കെയാണ് ഇത് പ്രവർത്തിപ്പിക്കേണ്ടത് എന്നുമൊക്കെ അറിയാത്തതാണ് ഇതിനു കാരണം. ഹസാർഡ് ലൈറ്റുകളുടെ ഉപയോഗത്തെക്കുറിച്ച് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. ഇതാദ്യമല്ല ഇക്കാര്യത്തിൽ ബോധവൽക്കരണവുമായി എംവിഡിയും കേരളാ പൊലീസുമൊക്കെ രംഗത്തെത്തുന്നത്.
മൂന്നു സാഹചര്യങ്ങളിൽ മാത്രമേ ഹസാർഡ് ലാമ്പുകൾ ഉപയോഗിക്കാവൂ എന്നാണ് മോട്ടോർവാഹനവകുപ്പ് പുറത്തിറക്കിയ വീഡിയോയിൽ പറയുന്നത്. അവ എന്തൊക്കെയാണെന്ന് അറിയാം.
1. വാഹനം യാന്ത്രിക തകരാർ സംഭവിച്ചോ, ടയർ മാറ്റിയിടാനോ, അപകടത്തിൽ പെട്ടോ റോഡിലോ റോഡ് സൈഡിലോ നിർത്തിയിടേണ്ടി വന്നാൽ.
2. യാന്ത്രിക തകരാർ സംഭവിച്ച വാഹനം കെട്ടിവലിച്ച് കൊണ്ടുപോവുമ്പോൾ രണ്ട് വാഹനങ്ങളിലെയും (കെട്ടിവലിക്കാൻ ഉപയോഗിക്കുന്ന വാഹനത്തിൻറെയും കെട്ടി വലിക്കപ്പെടുന്ന വാഹനത്തിൻറെയും) ഹസാർഡ് വാണിംഗ് ലൈറ്റ് ഓണാക്കിയിടണം.
3. അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രതീകൂല സാഹചര്യങ്ങളിൽ വാഹനം റോഡിൽ ഓടിക്കാൻ സാധിക്കാതെ നിർത്തിയിടേണ്ടി വന്നാൽ മാത്രം
ഇൻഡിക്കേറ്ററുകളുടെ തെറ്റായ ഉപയോഗം ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുമെന്നും എംവിഡി ആവർത്തിച്ച് ഓർമ്മിപ്പിക്കുന്നു. വീഡിയോ കാണാം.