KeralaNEWS

വിവാഹിതരായിട്ട് 5 ദിവസം മാത്രം; ഫോട്ടോ എടുക്കുന്നതിനിടെ പുഴയില്‍ വീണ് കാണാതായ നവദമ്പതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

   തിരുവനന്തപുരം: കല്ലമ്പലം പള്ളിക്കലില്‍ ഫോട്ടോ എടുക്കുന്നതിനിടെ പുഴയില്‍വീണ് കാണാതായ ദമ്പതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കൊല്ലം കടയ്ക്കല്‍ കുമ്മിള്‍ ചോനാമുകള്‍ വീട്ടില്‍ സിദ്ദിഖ് (27), ഭാര്യ കാരായില്‍ക്കോണം കാവതിയോട് പച്ചയില്‍ വീട്ടില്‍ നൗഫിയ (20), ഇവരുടെ ബന്ധു പള്ളിക്കല്‍ മൂതല ഇടവേലിക്കല്‍ വീട്ടില്‍ സെയ്‌നുലാബ്ദീന്‍- ഹസീന ദമ്പതികളുടെ മകന്‍ അന്‍സല്‍ ഖാന്‍ (22) എന്നിവരാണ് മരിച്ചത്.

ഇന്നലെ (ശനി) വൈകിട്ടാണ് അപകടം ഉണ്ടായത്. അന്‍സിലിന്റെ മൃതദേഹം ശനിയാഴ്ചതന്നെ കിട്ടിയിരുന്നു. ദമ്പതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. തുടര്‍ന്ന് ഞായറാഴ്ച ഫയര്‍ഫോഴ്‌സും മുങ്ങല്‍ വിദഗ്ധരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ നൗഫിയുടെ മൃതദേഹം ആദ്യം കണ്ടെത്തി. പിന്നീട് ഭര്‍ത്താവ് സിദ്ദിഖിന്റെ മൃതദേഹവും കിട്ടി. പുഴയില്‍ വീണ് മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Signature-ad

പള്ളിക്കല്‍ പഞ്ചായത് പകല്‍ക്കുറി മൂതല റോഡില്‍ താഴെ ഭാഗം പള്ളിക്കല്‍ പുഴയിലാണ് ദാരുണ സംഭവം നടന്നത്. സിദ്ദിഖും നൗഫിയയും പള്ളിക്കലിലെ ബന്ധുവായ അന്‍സല്‍ ഖാന്റെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു. ഒരാഴ്ച മുമ്പായിരുന്നു സിദ്ദിഖിന്റെയും നൗഫിയയുടെയും വിവാഹം നടന്നത്. കൊല്ലം ഇളമാട് പഞ്ചായതില്‍നിന്ന് വിവാഹം രജിസ്റ്റര്‍ ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ശേഷമാണ് ദമ്പതികള്‍ ശനിയാഴ്ച ഉച്ചയ്ക്ക് ബന്ധുവീട്ടിലെത്തിയത്.

ഉച്ചഭക്ഷണത്തിനുശേഷം ഇവര്‍ രണ്ട് ബൈക്കുകളിലായി പള്ളിക്കല്‍ പുഴയോരത്ത് എത്തി. തുടര്‍ന്ന് അവിടെയുള്ള പാറയില്‍നിന്ന് സെല്‍ഫിയെടുക്കുകയും വെള്ളത്തില്‍ ഇറങ്ങുകയും ചെയ്യുന്നതിനിടയില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. ദമ്പതികളെ രക്ഷപ്പെടുത്താനായി പുഴയില്‍ ഇറങ്ങിയപ്പോഴാണ് അന്‍സില്‍ ഒഴുക്കില്‍പെട്ടത്. സന്ധ്യയോടെ വല വീശാനെത്തിയ പള്ളിക്കല്‍ സ്വദേശി ചെരിപ്പും വാഹനവും കണ്ടു. ഉടന്‍ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നുള്ള തിരച്ചിലിലാണ് അന്‍സല്‍ ഖാന്റെ മൃതദേഹം കണ്ടെത്തിയത്.

ഫയര്‍ഫോഴ്‌സും പൊലീസും തിരച്ചില്‍ നടത്തിയെങ്കിലും ദമ്പതികളെ  രാത്രി കണ്ടെത്താൻ കഴിഞ്ഞില്ല. വെളിച്ചക്കുറവ് വെല്ലുവിളിയായി. തുടർന്ന്  താത്കാലികമായി തിരച്ചില്‍ നിര്‍ത്തി.  ഇന്ന്  രാവിലെ സ്‌കൂബ ടീമിന്റെ സഹായത്തോടെ തിരച്ചില്‍ ആരംഭിച്ചു. ഒടുവിൽ  രാവിലെ തന്നെ യാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി.

Back to top button
error: