KeralaNEWS

‘കണ്ണീർ പൂവിന്റെ കവിളിൽ തലോടി…’ അഞ്ചു വയസുകാരി ചാന്ദ്നിയുടെ  ക്രൂരമായ കൊലപാതകത്തില്‍ മലയാളി കേഴുന്നു, കൊലപാതകത്തില്‍ പ്രതികരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍

   ആലുവയിലെ അഞ്ചുവയസുകാരിയുടെ ദാരുണമായ കൊലപാതകത്തില്‍ പ്രതികരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. ഹൃദയഭേദകമായ ഈ വാര്‍ത്തയുണ്ടാക്കിയ വേദന ഒരിക്കലും വാക്കുകളില്‍ വിവരിക്കാന്‍ കഴിയില്ലെന്ന് ഉണ്ണി മുകുന്ദന്‍ ഫെയ്‌സ്ബുകില്‍ കുറിച്ചു.

ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം: ഹൃദയഭേദകമായ ഈ വാര്‍ത്തയുണ്ടാക്കിയ വേദന ഒരിക്കലും വാക്കുകളില്‍ വിവരിക്കാന്‍ കഴിയില്ല. കുടുംബത്തിന് വേണ്ടി എന്റെ പ്രാര്‍ത്ഥനകള്‍. നമ്മള്‍ അറിയാത്ത സമയത്ത്, നമ്മെ ചുറ്റിപ്പറ്റി ആരാണുള്ളതെന്ന് നമ്മള്‍ അറിയണ്ടേ സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ കുട്ടികളെ എങ്ങനെ സുരക്ഷിതമായി സംരക്ഷിക്കും?

Signature-ad

അതേസമയം ചാന്ദ്നി കൊലക്കേസില്‍ പ്രതി അസ്ഫാക് ആലം കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോയ കുട്ടിയെ പ്രതി അസ്ഫാക് പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് സ്ഥിരീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം.

കുട്ടിയുടെ രഹസ്യഭാഗങ്ങളിലടക്കം മുറിവുകളുള്ളതായാണ് ഇൻക്വസ്റ്റ് പരിശോധനയിൽ കണ്ടെത്തിയത്. കല്ലുകൊണ്ട് തലയ്‌ക്ക് അടിച്ചതായും തെളിഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ സംസ്‌കാരം ഞായറാഴ്ച കീഴ്മാട് ശ്മശാനത്തിൽ നടക്കും. പ്രതിക്കെതിരെ പോക്‌സോ ചുമത്തി. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും.

കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറി എന്നു പ്രതി പറഞ്ഞത് അന്വേഷണം വഴിതെറ്റിക്കാനായിരുന്നുവെന്നും കൃത്യത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. കൊലയ്ക്ക് പിന്നിലെ കാരണം ഇനിയും വ്യക്തമല്ലെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

അസ്ഫാക് ആലത്തെ ആലുവ മാർക്കറ്റില്‍ തെളിവെടുപ്പിനെത്തിച്ചിരുന്നുവെങ്കിലും ജനങ്ങളുടെ പ്രതിഷേധം കനത്തതോടെ തെളിവെടുക്കാനാവാതെ പൊലീസ് പിന്തിരിഞ്ഞു. വന്‍ പൊലീസ് സന്നാഹം ഉണ്ടായിരുന്നിട്ട് കൂടി പൊലീസിന് ജനങ്ങളെ നിയന്ത്രിക്കാനായില്ല. പൊലീസ് വാഹനം ജനങ്ങള്‍ തടഞ്ഞതോടെ പ്രതിയുമായി പൊലീസ് മടങ്ങി.

  ബിഹാര്‍ ബിഷാംപര്‍പുര്‍ സ്വദേശി രാംധര്‍ തിവാരിയുടെയും നീതു കുമാരിയുടെയും മകളാണ് കൊല്ലപ്പെട്ട ചാന്ദ്നി. ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ ചാന്ദ്നി  മലയാളം നന്നായി സംസാരിക്കുമായിരുന്നു. ഒരു മകനും മൂന്ന് പെണ്‍മക്കളുമാണ് കുടുംബത്തിനുണ്ടായിരുന്നത്. മക്കളില്‍ രണ്ടാമത്തെതാണു ചാന്ദ്നി. വെള്ളിയാഴ്ച വൈകിട്ടു ജോലി കഴിഞ്ഞു വന്നപ്പോഴാണു രാംധറും ഭാര്യ നീതു കുമാരിയും കുട്ടിയെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.

പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ആലുവയിലെ പെരിയാര്‍ തീരത്ത് ഇന്നാണ് (ശനി) കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തിയത്. 21 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് മാലിന്യക്കൂമ്പാരത്തിനുള്ളില്‍ ചാക്കില്‍ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ പണം വാങ്ങിച്ചു മറ്റൊരാള്‍ക്കു കൈമാറി എന്നായിരുന്നു പിടിയിലായ അസ്ഫാക് ആലം പൊലീസിനോടു പറഞ്ഞിരുന്നത്. സുഹൃത്തിന്റെ സഹായത്തോടെയാണു കുട്ടിയെ കൈമാറിയതെന്നും സക്കീര്‍ ഹുസൈന്‍ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നുമാണ് അസ്ഫാക് പൊലീസിനു നല്‍കിയ മൊഴി. എന്നാല്‍ അസ്ഫാക് മാത്രമാണ് കൃത്യത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നാണ് പൊലീസിന്റെ നിഗമനം.

അതേസമയം ഈ സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചില്ലെന്ന് ഡിജിപി പ്രതികരിച്ചു. കുട്ടിയെ ജീവനോടെ കണ്ടെത്താനായിരുന്നു പൊലീസിന്റെ ശ്രമം. പ്രതിയെ ഉടനെ തന്നെ കണ്ടെത്താൻ പൊലീസിന് സാധിച്ചു. ഈ സംഭവത്തിലെ തുടർനടപടികൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമാകുമെന്നും അദ്ദേഹം പ്രതികരിച്ചു.

Back to top button
error: