തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ രണ്ടു വര്‍ഷം മദ്യവില്‍പ്പനയിലൂടെ ലഭിച്ചത് 35,000 കോടി രൂപ! 2021 മേയ് മുതല്‍ ഇക്കഴിഞ്ഞ മേയ് വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് 41.68 കോടി ലിറ്റര്‍ വിദേശമദ്യം വിറ്റെന്ന് വിവരാവകാശ രേഖയില്‍ അധികൃതര്‍ അറിയിച്ചു. ഇതേ കാലയളവില്‍ 16.67 കോടി ലിറ്റര്‍ ബിയറാണ് ബിവറേജസ് കോര്പ്പറേഷന് വിറ്റഴിച്ചതെന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
വിദേശ മദ്യത്തിന്റെ വില്‍പ്പനയിലൂടെ 31,911.77 കോടി രൂപയും ബിയര്‍, വൈന്‍ എന്നിവയില്‍നിന്ന് 3,050.44 കോടിയുമാണ് ലഭിച്ചത്. 24,539.72 കോടി രൂപയാണ് നികുതിയായി ബെവ്കോ ഖജനാവിലേക്കു നല്‍കിയത്.
സംസ്ഥാനത്ത് പ്രതിദിനം 5.95 ലക്ഷം ലിറ്റര്‍ വിദേശമദ്യം വില്‍ക്കുന്നുണ്ടെന്ന് സന്നദ്ധ സംഘടനയായ പ്രോപ്പര്‍ ചാനലിലെ എംകെ ഹരിദാസിനു വിവരാവകാശം വഴി ലഭിച്ച രേഖയില്‍ പറയുന്നു. ബിയര്‍, വൈന്‍ വിഭാഗത്തിലെ പ്രതിദിന വില്‍പ്പന 2.38 ലക്ഷം ലിറ്ററാണ്.
കോവിഡിനെ തുടര്‍ന്നു ലോക്ഡൗണ്‍ പ്രഖ്യാപിച്ച 2019-20 വര്‍ഷത്തില്‍ ബെവ്കോയ്ക്ക് 41.95 കോടി നഷ്ടം സംഭവിച്ചു. മറ്റു വര്‍ഷങ്ങളിലെല്ലാം ലാഭത്തിലാണ് ബെവ്കോയുടെ പ്രവര്‍ത്തനം. 2015-16ല്‍ 42.55 കോടി, 2016-17ല്‍ 85.46 കോടി, 2017-18ല്‍ 75 കോടി, 2018-19ല്‍ 113.13 കോടി എന്നിങ്ങനെയാണ് ബെവ്കോയുടെ ലാഭം.