കോഴിക്കോട്: കെപിസിസി ഉമ്മൻചാണ്ടി അനുസ്മരണത്തിലെ മൈക്ക് തകരാറിലായ വിഷയത്തിൽ നടന്ന പൊലീസ് നടപടികളെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മൈക്ക് തകരാറായത് അന്വേഷിക്കണ്ടേ, അതിൽ എന്താണ് തെറ്റെന്ന് ഇ പി ജയരാജൻ ചോദിച്ചു. മൈക്ക് വിഷയത്തിൽ വികൃതമായുള്ള പ്രചരണമാണ് നടക്കുന്നത്. വിഐപി സെക്യൂരിറ്റി ചട്ടപ്രകാരം ഉള്ള നടപടി മാത്രമാണ് പൊലീസ് ചെയ്തത്. ആരെയും പ്രതി ആക്കിയില്ലെന്നും ജയരാജൻ പറഞ്ഞു.
ഉമ്മൻചാണ്ടി അനുസ്മരണത്തിലെ കെ സുധാകരൻ്റെ പരാമർശത്തിനെതിരേയും ഇപി ജയരാജൻ വിമർശനമുന്നയിച്ചു. സുധാകരൻ ഉള്ളപ്പോൾ എങ്ങനെയാണ് സമാധാനത്തോടെ നടക്കുക. ഇങ്ങനെ ഉള്ളപ്പോൾ ഞങ്ങളുടെ കാര്യം ഞങ്ങൾ നോക്കിക്കൊള്ളും. കോൺഗ്രസ് സ്വയം സൂക്ഷിച്ചാൽ അവർക്ക് നല്ലത്. ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ കോൺഗ്രസ് എന്താണ് കാട്ടിക്കൂട്ടിയത്. കെപിസിസി പ്രസിഡൻ്റ് എഴുതി വായിച്ചത് എന്താണ്. ആ രീതിയിൽ മറുപടി പറയാൻ ആർക്കും അറിയാഞ്ഞിട്ടല്ല. മുഖ്യമന്ത്രി സംസാരിക്കാൻ തുടങ്ങുമ്പോൾ പോലും മുദ്രാവാക്യം വിളിച്ച് ബഹളം ഉണ്ടാക്കി. ഉമ്മൻചാണ്ടിയെ കളങ്കപ്പെടുത്താൻ കോൺഗ്രസ് തന്നെ ശ്രമിക്കുകയാണ്. വിഐപി പ്രസംഗിക്കുമ്പോൾ അതിനുള്ള ചട്ടങ്ങൾ, നിയമങ്ങൾ ഒക്കെ ഉണ്ട്. നിസാര സംഭവം ഉണ്ടെങ്കിൽ പോലും അന്വേഷിച്ച് റിപ്പോർട്ട് നൽകണം എന്നാണ് നിയമം.പ്രശ്നമുണ്ടാക്കിയപ്പോഴും മുഖ്യമന്ത്രി പക്വതയോടെ പ്രസംഗിച്ചു. ഉന്നത നിലവാരം ഉള്ള പ്രസംഗമായിരുന്നു മുഖ്യമന്ത്രിയുടേതെന്നും ജയരാജൻ പറഞ്ഞു.