ദില്ലി: മണിപ്പൂരിനെ ചൊല്ലി ഇന്നും പാർലമെൻറ് പ്രക്ഷുബ്ധം. പ്രധാനമന്ത്രി സഭയിൽ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ ലോക്സഭയും രാജ്യസഭയും രണ്ട് മണി വരെ നിർത്തി വച്ചു. അവിശ്വാസ പ്രമേയം കൊണ്ടുവന്നിട്ടോ കറുത്ത വസ്ത്രം ധരിച്ചിട്ടോ ഒരു പ്രയോജനവുമില്ലെന്നും മോദി തന്നെ 2024 ലും ഇന്ത്യ ഭരിക്കുമെന്നും പാർലമെൻററികാര്യ മന്ത്രി പ്രൾഹാദ് മന്ത്രി പ്രതിപക്ഷത്തെ പരിഹസിച്ചു. ഭരണപക്ഷത്തിൻറെ നിലപാടിൽ പ്രതിഷേധിച്ച് കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷ എംപിമാർ പാർലമെൻറിലെത്തിയത്.
സഭാധ്യക്ഷന്മാർ എത്തിയതിന് പിന്നാലെ ലോക്സഭയിലും രാജ്യസഭയിലും ബഹളം തുടങ്ങി. അടിയന്തരപ്രമേയം അംഗീകരിച്ച് ലോക്സഭയിൽ ചർച്ച വേണമെന്നും പ്രധാനമന്ത്രി സഭയിൽ മറുപടി നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. രാജ്യസഭയിൽ വിദേശകാര്യ നയത്തെ കുറിച്ച് സംസാരിച്ച മന്ത്രി എസ് ജയ്ശങ്കറിൻറെ പ്രസംഗം തടസപ്പെടുത്തി, മോദി വായ തുറക്കണമെന്ന മുദ്രാവാക്യം പ്രതിപക്ഷം ഉയർത്തി. എന്നാൽ മോദി ജയ് മുദ്രവാക്യവുമായി ഭരണപക്ഷം പ്രതിപക്ഷത്തെ നേരിട്ടു. ഇതോടെ ക്ഷുഭിതനായ രാജ്യസഭാധ്യക്ഷൻ ജഗദീപ് ധൻകർ പ്രതിപക്ഷ ആവശ്യം ഈ ഘട്ടത്തിൽ അംഗീകരിക്കാനാവില്ലെന്നും സഭ നാഥനോട് മര്യാദ കാട്ടണമെന്നും ആവശ്യപ്പെട്ടു.
കറുത്ത വസ്ത്രം ധരിച്ചെത്തിയ പ്രതിപക്ഷ എംപിമാർ പാർലമെൻറ് വളപ്പിലും പ്രതിഷേധിച്ചു. മണിപ്പൂരിൻറെ മുറിവിൽ പ്രധാനമന്ത്രി ഉപ്പ് തേക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അവിശ്വാസ പ്രമേയം കൊണ്ട് കാര്യമില്ലെന്നും ജനങ്ങൾക്ക് മോദിയിലാണ് വിശ്വാസമെന്നും, 2024ലും ജനം മോദിക്കൊപ്പമായിരിക്കുമെന്നും പാർലമെൻററി കാര്യമന്ത്രി പ്രൾഹാദ് ജോഷി തിരിച്ചടിച്ചു. അവിശ്വാസ പ്രമേയത്തിൽ ചർച്ചയുണ്ടാകുമെങ്കിലും, സർക്കാരിനെ സമ്മർദ്ദത്തിലാക്കി പ്രധാനമന്ത്രിയുടെ വായ തുറപ്പിക്കാനാണ് പ്രതിപക്ഷത്തിൻറെ നീക്കം.
ശൂന്യവേളയിലോ മറ്റോ വിഷയം കൊണ്ട് വരാമെങ്കിലും അടിയന്തരപ്രമേയം അംഗീകരിക്കണമെന്നാണ് പ്രതിപക്ഷ നിലപാട്. അതേസമയം കോൺഗ്രസ് മാത്രമായി അവിശ്വാസ പ്രമേയം കൊണ്ടുവന്നതിൽ മറ്റ് പ്രതിപക്ഷ പാർട്ടികൾ അതൃപ്തി അറിയിച്ചു. തുടർന്നങ്ങോട്ട് എല്ലാവരേയും ഉൾക്കൊണ്ടേ മുൻപോട്ട് പോകൂയെന്ന് പ്രതിപക്ഷ യോഗത്തിൽ മല്ലികാർജ്ജുൻ ഖർഗെ ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ബിഎസ്പി, വൈഎസ്ആർ കോൺഗ്രസ് തുടങ്ങിയ കക്ഷികൾ സർക്കാരിനെതിരായ പ്രമേയത്തെ പിന്തുണച്ചിട്ടില്ല.