CrimeNEWS

കൃഷിയിടങ്ങളിലെ മോട്ടോറുകളിൽനിന്ന് വൈദ്യുതി കേബിളുകള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് രണ്ട് പേരെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച് നാട്ടുകാര്‍

ഭട്ടിൻഡ: മോഷണം ആരോപിച്ച് രണ്ട് പേരെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ. പഞ്ചാബിലെ ഭട്ടിൻഡയിലാണ് സംഭവം. കൃഷിയിടങ്ങളിൽ സ്ഥാപിച്ച മോട്ടോറുകളിലെ വൈദ്യുതി കേബിളുകൾ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ഇവർ മോഷ്ടിച്ചതായി പറയുന്ന കേബിളുകൾ കൊണ്ട് തന്നെയാണ് ഇവരെ മരത്തിൽ കെട്ടിയിട്ടതും. കൃഷിയിടങ്ങളിലെ പവർ കേബിളുകൾ മോഷണം പോവുന്നത് പതിവായതോടെ നാട്ടുകാർ പൊലീസിൽ പരാതിപ്പെട്ടിരുന്നു.

എന്നാൽ പൊലീസിൻറെ ഭാഗത്ത് നിന്ന് പ്രതീക്ഷിച്ച ഉത്സാഹം ഉണ്ടാവാതെ വന്നതോടെ നാട്ടുകാർ സംഘടിച്ച് കള്ളന്മാരെന്ന് സംശയിക്കുന്നവരെ കയ്യോടെ പിടികൂടുകയായിരുന്നു. ഇവരുടെ കയ്യിൽ നിന്ന് മോഷണ മുതലും നാട്ടുകാർ കണ്ടെത്തിയിട്ടുണ്ട്. ഇവരെ പൊലീസിന് കൈമാറി. ഇവരെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മര്ദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.

Signature-ad

വീഡിയോ പുറത്ത് വന്നതിന് പിന്നാലെ സംഭവത്തിൽ ഇവരെ ആക്രമിച്ച നാട്ടുകാർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. വൈറലായ വീഡിയോയിലുള്ള ആളുകളിൽ ചിലരെ ഇതിനോടകം അറസ്റ്റ് ചെയ്തതായും ഭട്ടിൻഡ എസ് പി അജയ് ഗാന്ധി വിശദമാക്കി. നിയമം കയ്യിലെടുത്ത് പെരുമാറരുതെന്ന് ജനങ്ങളോട് പൊലീസ് സൂപ്രണ്ട് ആവശ്യപ്പെട്ടു.

Back to top button
error: