ദില്ലി: കർഷക ക്ഷേമത്തിനായി വരുമാന പിന്തുണ നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ് പ്രധാനമന്ത്രി കിസാൻ യോജനയുടെ 14-ാം ഗഡു കർഷകരുടെ അക്കൗണ്ടിലേക്കെത്തി. 8.5 കോടിയിലധികം കർഷകർക്കായി 17,000 കോടിയിലധികം രൂപയാണ് നൽകിയത്. യോഗ്യരായ കർഷകർക്ക് പദ്ധതിക്ക് കീഴിൽ 14-ാം ഗഡുവായി 2,000 രൂപ ലഭിക്കും.
കർഷകരുടെ എല്ലാ ആവശ്യങ്ങൾക്കും ഏകജാലക സൗകര്യം ലഭ്യമാക്കുന്നതിനായി 1.25 ലക്ഷം പ്രധാനമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങളും (പിഎംകെഎസ്‌കെ) പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. പിഎം കിസാൻ സ്കീമിന്റെ രജിസ്ട്രേഷൻ പ്രക്രിയയിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒരു കേന്ദ്രീകൃത ഹെൽപ്പ് ഡെസ്ക് അവതരിപ്പിച്ചതായി പിഎം കിസാൻ ഔദ്യോഗിക ട്വീറ്റിൽ പറയുന്നു
പിഎം-കിസാൻ വെബ്‌സൈറ്റ് അനുസരിച്ച്, കർഷകർ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം ഇതാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ഗുണഭോക്താക്കൾ 14-ാമത്തെ ഗഡു ലഭിക്കുന്നതിന് അവരുടെ ഇ.കെ.വൈ.സി പൂർത്തിയാക്കിയിരിക്കണം. ഒടിപി അടിസ്ഥാനമാക്കിയുള്ള ഇകെവൈസി പിഎംകിസാൻ പോർട്ടലിൽ ലഭ്യമാണ് അല്ലെങ്കിൽ ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ഇകെവൈസിക്കായി അടുത്തുള്ള കോമൺ സർവീസ് സെന്ററുമായി (സിഎസ്‌സി) ബന്ധപ്പെടാം.
നിങ്ങളുടെ അക്കൗണ്ടിലേക്ക് പ്രധാനമന്ത്രി കിസാൻ യോജനയുടെ 14-ാം ഗഡുവായ 2000 രൂപ എത്തിയിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം
ഘട്ടം 1: ഔദ്യോഗിക പിഎം കിസാൻ പോർട്ടൽ സന്ദർശിക്കുക – https://pmkisan.gov.in/
ഘട്ടം 2: ‘ഫാർമേഴ്സ് കോർണർ’ എന്നതിന് താഴെ ‘ബെനിഫിഷ്യറി സ്റ്റാറ്റസ്’ എന്നതിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 3: നിങ്ങളുടെ ആധാർ നമ്പർ, അക്കൗണ്ട് നമ്പർ അല്ലെങ്കിൽ മൊബൈൽ നമ്പർ, ക്യാപ്‌ച കോഡ് എന്നിവ നൽകുക
ഘട്ടം 4: ‘ഗെറ്റ് സ്റ്റാറ്റസ് ‘ ടാബിൽ ക്ലിക്ക് ചെയ്യുക
ഗുണഭോക്താവിന്റെ വിശദാംശങ്ങൾ അനുസരിച്ച് സ്റ്റാറ്റസിന്റെ വിശദാംശങ്ങൾ പ്രദർശിപ്പിക്കും. കൂടാതെ, തുക ലഭിക്കുന്നതിന്, ഗുണഭോക്തൃ പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടായിരിക്കണം