KeralaNEWS

കളമശേരിയിൽ ബൈക്കില്‍ സ്വകാര്യ ബസിടിച്ച് അപകടം; മാധ്യമ പ്രവര്‍ത്തകരായ രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

കളമശേരി: ബൈക്കിൽ സ്വകാര്യ ബസിടിച്ച് മാധ്യമ പ്രവർത്തകരായ രണ്ട് പേർക്ക് ഗുരുതര പരിക്ക്. ചന്ദ്രിക കൊച്ചി യൂണിറ്റിലെ ഫോട്ടോഗ്രാഫർ നിതിൻ കൃഷ്ണൻ, സബ് എഡിറ്റർ എസ് സുധീഷ് കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ കളമശേരി ടി വി എസ് ജംഗ്ഷനിലായിരുന്നു അപകടം. ചന്ദ്രിക ജീവനക്കാരൻറെ സഹോദരൻറെ മരണാവശ്യത്തിന് പോയി തിരിച്ചു വരവെ ടിവിഎസ് ജംഗ്ഷനിൽ സിഗ്നൽ കാത്ത് നിൽക്കുന്നതിനിടെ സൗത്ത് കളമശേരിയിൽ നിന്ന് ആലുവയിലേക്ക് പോകുകയായിരുന്ന കെ എൽ 43 ബി 175 എന്ന സ്വകാര്യ ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ദൂരേക്ക് തെറിച്ച് വീണ നിതിൻറെ ഇടുപ്പെല്ലിനും തോളെല്ലിനും ഗുരുതര പരിക്കുണ്ട്. പിന്നിലിരുന്ന സുധീഷ് കുമാറിന്റെ ഇടതുകാലൊടിഞ്ഞു. ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സുധീഷിനെ വൈകിട്ടോടെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇരുവർക്കും ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചിട്ടുണ്ട്. ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.

Back to top button
error: