ബിഹാറിലെ മുസാഫര്‍പൂരില്‍ ലോക്കോ പൈലറ്റിന്‍റെ ജാഗ്രത കൊണ്ടു മാത്രം ഒഴിവായത് വൻ ട്രെയിന്‍ ദുരന്തം.തിങ്കളാഴ്ചയായിരുന്നു സംഭവം.
ബറൗണി- ന്യൂ ഡല്‍ഹി സ്പെഷ്യല്‍ ട്രെയിനിലെ ലോക്കോപൈലറ്റാണ് യാത്രക്കാരെ വൻ ദുരന്തത്തിൽ നിന്നും രക്ഷിച്ചത്.ട്രെയിനിന് തെറ്റായ റൂട്ടില്‍ ഓടാനുള്ള സിഗ്നല്‍ ലഭിച്ചതോടെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്കിട്ടു ട്രെയിൻ നിർത്തുകയായിരുന്നു.
ബറൗണിയില്‍ നിന്ന് മുസാഫര്‍പൂരിലെത്തിയ സ്പെഷ്യല്‍ ട്രെയിനിന് നര്‍കാടിയാ ഗഞ്ച് വഴി പോകാനുള്ള സിഗ്നലായിരുന്നു നല്‍കേണ്ടിയിരുന്നത്. പകരം ലഭിച്ചത് ഹാജിപ്പൂര്‍ വഴി പോകാനുള്ള സിഗ്നല്‍. സിഗ്നല്‍ അനുസരിച്ച് ഓട്ടം തുടങ്ങിയെങ്കിലും പിഴവ് മനസിലാക്കിയ ലോക്കോ പൈലറ്റ് ഉടന്‍ ബ്രേക്കിട്ടു വണ്ടി നിര്‍ത്തിയ ശേഷം റെയില്‍വേ ഹെഡ് ക്വാര്‍ട്ടേഴ്‌സിനെ അറിയിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പാനല്‍ ഓപ്പറേറ്റര്‍ അജിത് കുമാര്‍, പാനല്‍ ഇന്‍ ചാര്‍ജ് സുരേഷ് പ്രസാദ് സിങ്ങ് എന്നിവരെ റെയില്‍വേ സസ്പെന്‍ഡ് ചെയ്‌തു.സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിനും റെയില്‍വേ ഉത്തരവിട്ടു. ഒഡിഷയിലെ ബാലസോറിലേതു പോലെ ഒരു വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായതിന്‍റെ ആശ്വാസത്തിലാണ് റെയില്‍വേ അധികാരികള്‍.