കണ്ണൂർ താവക്കരയിലെ കൃഷ്ണാ ജൂവലറിയിൽ നിന്നും കോടികളുടെ തട്ടിപ്പു നടത്തിയ കേസിൽ ഒന്നാം പ്രതിയും മുൻജീവനക്കാരിയുമായ ചിറക്കൽ കൃഷ്ണാഞ്ജലിയിലെ കെ.സിന്ധു അറസ്റ്റു തടയുന്നതിനായി ശനിയാഴ്ച മുൻകൂർ ജാമ്യഹർജി നൽകി.
തലശേരി ജില്ലാസെഷൻസ് കോടതിയിൽ സിന്ധുവിന് വേണ്ടി അഡ്വ.കെ.വി മനോജ്കുമാർ, അഡ്വ.വിപിൻ സുരേന്ദ്രൻ എന്നിവരാണ് ഹർജി ഫയൽ ചെയ്തത്.
ജ്വല്ലറി മാനേജിങ് പാർട്ണൽ ഡോ. സി.വി രവീന്ദ്രനാഥിന്റെ പരാതിയിൽ ജൂലൈ മൂന്നാം തീയതിയാണ് ഇവർക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തത്. സ്ഥാപനത്തിലെ ചീഫ് അക്കൗണ്ടന്റായ സിന്ധു കണക്കുകളിൽ കൃത്രിമം കാട്ടി ഏഴരകോടി തട്ടിയെടുത്തു എന്ന പരാതിയിലാണ് കേസെടുത്തത്.
പരാതി നൽകി മൂന്നാഴ്ച പിന്നിട്ടിട്ടും പൊലിസിന് പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇതിനിടെയാണ് ഇവർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
എന്നാൽ പ്രതിക്കായി ലുക്കൗട്ട് ഇറക്കിയിരുന്നുവെങ്കിലു ഇനിയും കണ്ടെത്താനായിട്ടില്ല എന്നാണ് പൊലീസ് ഭാഷ്യം. കണ്ണൂർ ടൗൺ പൊലിസ് കേസെടുത്ത് രണ്ടു ദിവസത്തിനകം തന്നെ പ്രതി ബംഗ്ളൂര് വഴി വിദേശത്തേക്ക് കടന്നിരുന്നു എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.