KeralaNEWS

സജീവ രാഷ്ട്രീയത്തിലേക്കില്ല, ഉമ്മൻചാണ്ടിയുടെ മകളായി ജീവിക്കാനാണ് ഇഷ്ടം, അപ്പ കഴിഞ്ഞാൽ ചാണ്ടി ആണ് കുടുംബത്തിലെ രാഷ്ട്രീയക്കാരൻ: അച്ചു ഉമ്മൻ

കോട്ടയം: സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നും ഉമ്മൻചാണ്ടിയുടെ മകളായി ജീവിക്കാനാണ് ഇഷ്ടമെന്നും അച്ചു ഉമ്മൻ പറഞ്ഞു. ‘ സജീവ രാഷ്ട്രീയത്തിലേക്കില്ല. ഉമ്മൻ ചാണ്ടിയുടെ മകളായി ജീവിക്കാനാണ് ഇഷ്ടം. അപ്പ കഴിഞ്ഞാൽ ചാണ്ടി ആണ് കുടുംബത്തിലെ രാഷ്ട്രീയക്കാരൻ. മക്കൾ സ്വന്തം കഴിവു കൊണ്ട് രാഷ്ട്രീയത്തിൽ വരണമെന്നായിരുന്നു അപ്പയുടെ നിലപാട്. തന്റെ പേരിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ അവസാനിപ്പിക്കണം എന്നും അച്ചു ഉമ്മൻ വ്യക്തമാക്കി.

”അപ്പ ചടങ്ങുകളിലൊക്കെ പങ്കെടുക്കുന്നസമയത്ത് വലിയ ജനത്തിരക്ക് ഉണ്ടാകാറുണ്ട്. അപ്പ പോകുന്നിടത്തെല്ലാം ആൾക്കൂട്ടം ഉണ്ടാകാറുണ്ട്. ആൾക്കൂട്ടത്തിനിടയിലായിരുന്നു എപ്പോഴും ഉമ്മൻചാണ്ടി. എന്നാൽ അപ്പയുടെ യാത്ര അയപ്പ് കണ്ടപ്പോഴാണ് ഇത്രയധികം ആളുകളുടെ മനസ്സിൽ ആഴത്തിലിറങ്ങിയ സ്നേഹമാണ് ഉമ്മൻചാണ്ടിയോടുള്ളത് എന്ന് മനസ്സിലാക്കാൻ പറ്റിയത്. പാതിരാക്കും കൈക്കുഞ്ഞുങ്ങളുമായും രോ​ഗികളായവരും വാർദ്ധക്യത്തിലെത്തിയവരും എല്ലാവരും വന്നു നിൽക്കുകയാണ്. ജനങ്ങളാണ് നിൽക്കുന്നത്. അത് കണ്ടപ്പോഴാണ് അപ്പ ജനമനസ്സിൽ എത്രമാത്രം ഉണ്ടെന്ന് മനസ്സിലായത്.” അച്ചു ഉമ്മൻ പറഞ്ഞു.

Signature-ad

പുതുപ്പള്ളിയിലെ സ്ഥാനാർത്ഥി ആരായിരിക്കുമെന്ന ചോദ്യത്തിനും വ്യക്തത വരുത്തിയിരിക്കുകയാണ് അച്ചു ഉമ്മൻ. ‘ഇതിനൊരു മറുപടി ഇത്രവേഗം നൽകേണ്ടി വരുമെന്ന് ഞാൻ കരുതിയില്ല. അദ്ദേഹം കടന്നു പോയിട്ട് ഒരാഴ്ച പോലും ആയില്ല. പക്ഷേ അനാവശ്യമായ വിവാദങ്ങൾ ഉണ്ടാക്കാതെ ഇരിക്കുന്നതിന് വേണ്ടി ക്ലാരിറ്റി ആവശ്യമാണെന്ന് തോന്നി. ഞാനിത്രയും നാൾ ജീവിച്ചത് ഉമ്മൻ ചാണ്ടിയുടെ തണലിലാണ്. ഇനിയങ്ങോട്ട് അദ്ദേഹത്തിൻറെ മകളായി മാത്രം ജീവിക്കാനാണ് ആഗ്രഹം. എനിക്ക് സജീവ രാഷ്ട്രീയത്തിലേക്ക് വരാൻ യാതൊരു ഉദ്ദേശവുമില്ല. എനിക്കങ്ങനെ ഒരു ആഗ്രഹവുമില്ല. ഞാൻ വിദേശത്ത് താമസിക്കുന്ന വ്യക്തിയാണ്. കുടുംബവുമായി അവിടെ സെറ്റിൽഡ് ആണ്. ഞാൻ സ്വപ്നത്തിൽ പോലും ആലോചിക്കാത്ത കാര്യമാണ് ഇപ്പോൾ പറഞ്ഞു കേൾക്കുന്നത്. ഞാൻ അതിനില്ല എന്ന് പറയുകയാണ്, അതിനൊരു ക്ലാരിറ്റി നൽകുകയാണ്. കെപിസിസി പ്രസിഡൻറ് അദ്ദേഹത്തിൻറെ അഭിപ്രായമാണ് പറഞ്ഞത്. പൊതുവെ ഇതൊക്കെ പാർട്ടി തീരുമാനിക്കുന്ന ഒരു കീഴ്വഴക്കമാണ് കോൺഗ്രസ് പാർട്ടിയിലുള്ളത്. വീട്ടിൽ അപ്പ കഴിഞ്ഞാലുള്ള രാഷ്ട്രീയക്കാരൻ ചാണ്ടി ആണ്.’ അച്ചു വിശദീകരിച്ചു.

അതേ സമയം, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളിലൊരാളെ മത്സരിപ്പിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ വ്യക്തമാക്കി. അത്തരത്തിൽ വാർത്ത വന്നത് തീർത്തും തെറ്റിദ്ധാരണാജനകമാണ്. സ്ഥാനാർഥി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നാകുമോ എന്ന ചോദ്യത്തിനാണ് പ്രതികരിച്ചത്. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നും പരിഗണിക്കും എന്നാണ് താൻ ഉദ്ദേശിച്ചതെന്നും സുധാകരൻ വാർത്താകുറിപ്പിലൂടെ അറിയിച്ചു. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നാണ് സ്ഥാനാർഥി എന്ന് പറഞ്ഞിട്ടില്ല. സ്ഥാനാർഥിയെ തീരുമാനിക്കുമ്പോൾ ഉമ്മൻ ചാണ്ടിയുടെ കുടുംബവുമായും ആലോചിക്കും എന്നാണ് ഉദ്ദേശിച്ചത്. സ്ഥാനാർഥി ആര് എന്നതിൽ ഒരു തർക്കവും പാർട്ടിയിൽ ഉണ്ടാകില്ല എന്നാണ് താൻ വ്യക്തമാക്കിയത്. സ്ഥാനാർഥി നിർണയം സംബന്ധിച്ച് ഒരു ചർച്ചയും പാർട്ടിയിൽ നടന്നിട്ടില്ല. ഈ സാഹചര്യത്തിൽ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ മാധ്യമങ്ങൾ നൽകരുതെന്നും സുധാകരൻ അഭ്യർഥിച്ചു.

Back to top button
error: