കോട്ടയത്തെ നന്മയുടെ മുഖമാണ് സാമുവൽ സാർ എന്ന ടി.ജി സാമുവൽ. യഥാർത്ഥ ഗാന്ധിയൻ. സമരങ്ങളിലും സത്യാഗ്രഹങ്ങളിലും, പാവങ്ങളുടെയും ദരിദ്രരുടെയും അവകാശ പോരാട്ടങ്ങളിലും എന്നും മുൻനിരയിലുണ്ടായിരുന്നു അദ്ദേഹം. ഖാദി തൊപ്പിയും ഖദർ വസ്ത്രങ്ങളും ധരിച്ച് പഴകി തുരുമ്പിച്ച ഒരു സൈക്കിളിൽ നഗരത്തിലെ ജനവിഥിയിലൂടെ അദ്ദേഹം സഞ്ചരിക്കുന്ന കാഴ്ച കോട്ടയംകാർക്ക് സുപരിചിതമാണ്.
കോട്ടയം നഗരസഭയിൽ മൂന്ന് ഘട്ടങ്ങളായി 15 വർഷം കൗൺസിലർ ആയിരുന്ന ടി.ജി സാമുവൽ 27 വർഷം എം.ടി സെമിനാരി ഹൈസ്കൂളിൽ അധ്യാപകനുമായിരുന്നു.
പൊതുജനങ്ങൾക്ക് ഇടയിലാണ് എന്നും ടി.ജി സാമുവൽ ജീവിച്ചത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ പാവപ്പെട്ട ജനങ്ങളുടെ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി അദ്ദേഹം നടത്തിയ ഒറ്റയാൾ പോരാട്ടങ്ങൾ നിരവധിയാണ്. ആർഭാടങ്ങളിൽ അഭിരമിക്കാത്ത യഥാർത്ഥ ഗാന്ധിയനായ അദ്ദേഹം കോട്ടയത്തിന്റെ ധാരാവിയായ. മുള്ളൻകുഴിയിലാണ് ഇക്കാലമത്രയും ജീവിച്ചത്
ഇന്ന് രാവിലെ ടി. ജി സാമുവൽ (79) വിട പറഞ്ഞപ്പോൾ അക്ഷര നഗരിയിലെ സംസ്കാര സമ്പന്നമായ വലിയൊരു കാലമാണ് ചരിത്രത്തിന്റെ ഭാഗമായത്. സൈക്കിളിൽ യാത്ര ചെയ്ത് പൊതുജനങ്ങളുടെ ഇടയിൽ ജീവിച്ച ടി.ജി സാമുവൽ ആബാലവൃദ്ധം ജനങ്ങൾക്കും സാമുവൽ സാറായിരുന്നു.
സംസ്കാരം ഞായറാഴ്ച കൊല്ലം പെരിനാട് മാർതോമാ പള്ളിയിൽ. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഒരപകടത്തെ തുടർന്ന് അദ്ദേഹം ചികിത്സയിൽ കഴിയുകയായിരുന്നു.
കോട്ടയം എം.റ്റി സ്കൂൾ, ജറുസലേം മാർത്തോമ പള്ളി എന്നിവിടങ്ങളിൽ ഭൗതിക ശരീരം പൊതു ദർശനത്തിന് വയ്ക്കും.
ഭാര്യ സുമാ സാമുവൽ മക്കൾ സൈലു സാമുവൽ, സാംജി സാമുവൽ (അദ്ധ്യാപകൻ), സാം സാമുവൽ (അദ്ധ്യാപകൻ).