LocalNEWS

കടപ്പാട്ടൂർ കൃഷിഭവൻ പ്രീമിയം ഔട്ട്ലെറ്റ് വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു

കോട്ടയം : ഗ്രാമീണം മുത്തോലി അഗ്രികൾച്ചർ ഡെവലപ്മെന്റ് സൊസൈറ്റിയുടെ കടപ്പാട്ടൂർ കൃഷിഭവൻ പ്രീമിയം ഔട്ട്ലെറ്റ് വിപണന കേന്ദ്രം മാണി സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുലിയന്നൂർ ഇക്കോഷോപ്പിന് ശേഷം ഗ്രാമീണം മുത്തോലിയുടെ രണ്ടാമത്തെ ഔട്ട്ലെറ്റാണിത്. ഔട്ട്ലെറ്റ് ആരംഭിക്കുന്നതിന് കൃഷിവകുപ്പ് സബ്സിഡിയും ലഭ്യമാക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലെ 18 കാർഷിക ഗ്രൂപ്പുകളെ ഉൾപ്പെടുത്തിയാണ് ഗ്രാമീണം മുത്തോലി കാർഷിക വികസന സൊസൈറ്റി ആരംഭിച്ചത്. മുത്തോലി ഗ്രാമപഞ്ചായത്തിലെ അർഹതപ്പെട്ട 50 കുടുംബങ്ങൾക്ക് 50 ശതമാനം വിലക്കുറവിൽ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതിയും പുതിയ വനിതാ ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷനും ചടങ്ങിൽ ഉദ്ഘാടനം ചെയ്തു.

ഔട്ട്ലെറ്റിലൂടെ കർഷകരിൽനിന്നും ഗ്രാമീണം മുത്തോലിയുടെ കൃഷിഭൂമിയിൽ നിന്നും ശേഖരിക്കുന്ന പച്ചക്കറികൾ കുറഞ്ഞ വിലയ്ക്ക് ജനങ്ങളിൽ എത്തിക്കും. പലചരക്ക് സാധനങ്ങളും ഔട്ട്ലെറ്റുകൾ വഴി ലഭ്യമാക്കും. കുറഞ്ഞ വിലയ്ക്ക് നാടൻ പച്ചക്കറികൾ ജനങ്ങളിൽ എത്തിക്കുക എന്നതാണ് വിപണിയുടെ ലക്ഷ്യം. പുതുതായി ആരംഭിച്ച വനിതാ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ വഴി പച്ചക്കറികളുടെയും പൈനാപ്പിളിന്റെയും മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ കർഷക കൂട്ടായ്മ മറ്റു പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നതിനും കൊഴുവനാൽ, കരൂർ, തലപ്പലം എന്നിവിടങ്ങളിൽ പുതിയ വിപണികൾ സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ട്.

Signature-ad

ചടങ്ങിൽ ഗ്രാമീണം മുത്തോലി പ്രസിഡന്റ് എൻ. കെ. ശശികുമാർ അധ്യക്ഷത വഹിച്ചു. മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. രൺജിത്ത്, ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ രാജു, പാലാ രൂപത വികാരി ജനറൽ റവ. ഡോ. ജോസഫ് മേലെപ്പറമ്പിൽ, എ.ടി.പി മാനേജിങ് ഡയറക്ടർ എ. പി. ജോസ,് പി. സുനിൽ കുമാർ, അഡ്വ. എസ്. ജയസൂര്യൻ, തമിഴ്നാട് ആണ്ടിപ്പെട്ടി കൗൺസിലർ ആർ. രാമൻ, സാമൂഹിക-രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Back to top button
error: