തൃശൂർ: എ.ഐ. കാമറകളിൽനിന്നും രക്ഷപ്പെടാൻ മറച്ചുവക്കാൻ കഴിയുന്ന രീതിയിൽ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച ബൈക്ക് കുന്നംകുളം പൊലീസ് പിടികൂടി. കുന്നംകുളം സബ് ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിൽ പെരുമ്പിലാവിൽ വാഹന പരിശോധന നടത്തുന്നതിനിടെ അപകടകരമായ രീതിയിൽ ഓടിച്ച ബൈക്ക് പിടികൂടി പരിശോധിച്ചപ്പോഴാണ് ബൈക്കിൽ മറച്ചുവെക്കാൻ കഴിയുന്ന വിധത്തിൽ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചത് കണ്ടെത്തിയത്.
യാത്ര ചെയ്യുമ്പോൾ ബൈക്കിൽ ഘടിപ്പിച്ച നമ്പർ പ്ലേറ്റ് മറച്ചു വെക്കുകയും വാഹനം നിർത്തുന്ന സമയത്ത് ഈ നമ്പർ പ്ലേറ്റ് ശരിയായ രീതിയിൽ വെക്കുകയും ചെയ്യുന്നതാണ് വാഹന ഉടമയുടെ രീതി. ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ പരിശോധനയ്ക്കുശേഷം പിഴ ഉൾപ്പെടെയുള്ള നടപടി സ്വീകരിച്ച് ബൈക്ക് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.