തിരുവനന്തപുരം: രാഷ്ട്രീയ മുതലെടുപ്പിനായി സിപിഎം കോഴിക്കോട് സംഘടിപ്പിച്ച ഏക വ്യക്തി നിയമ സെമിനാർ വെറും നനഞ്ഞപടക്കമായി മാറിയെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി. ഏക വ്യക്തി നിയമത്തിൽ സിപിഎമ്മിന്റെ തനിനിറം സെമിനാറിൽ പുറത്തു വന്നു. അതിൻറെ ജാള്യതയും സിപിഎമ്മിൻറെയും ബിജെപിയുടെയും നിലപാടുകളിലെ സാമ്യതയും ചർച്ചയാകെതിരിക്കാനാണ് മരുമോൻ മന്ത്രി ഉൾപ്പെടെ കോൺഗ്രസിനെ വിമർശിച്ച് രംഗത്ത് വന്നത്.
ഏക വ്യക്തി നിയമങ്ങളിൽ മാറ്റം വരുത്തണമെന്ന സിപിഎമ്മിൻറെയും ബിജെപിയുടെയും അജണ്ട നടപ്പിലാക്കുന്നതിന് സെമിനാർ വേദി സി പി എം ദുരുപയോഗപ്പെടുത്തുകയാണ് ചെയ്തത്. ക്ഷണം സ്വീകരിച്ചെത്തിയവരിൽ ഭൂരിഭാഗവും സിപിഎമ്മിൻറെ അജണ്ടയെ സംഘടിതമായി അതേ വേദിയിൽ വെച്ച് എതിർത്തത് സിപിഎമ്മിൻറെ ഗൂഢനീക്കങ്ങൾക്കേറ്റ കനത്ത പ്രഹരമാണ്. സിപിഎമ്മിൻറെ ഇരട്ടത്താപ്പ് നേരത്തെ തിരിച്ചറിഞ്ഞാണ് മുസ്ലീം ലീഗ് അത് തള്ളിക്കളഞ്ഞത്.
പ്രമുഖരായ നേതാക്കളും വ്യക്തികളും വിട്ടു നിന്നു. വൈവിധ്യങ്ങളും ബഹുസ്വരതയും നിലനിൽക്കുന്ന ഇന്ത്യയിൽ ബിജെപിയുടെ ഏകശിലാത്മക ദേശീയതയും അതിനെ പിന്തുണയ്ക്കുന്ന സിപിഎമ്മിൻറെ നിലപാടും ആശാസ്യമല്ല. ബഹുസ്വരത ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസിന് ഇക്കാര്യത്തിൽ സ്ഥായിയായ നിലപാടുണ്ടെന്നും അതിന് മതേതര ജനാധിപത്യ വിശ്വാസികളുടെ പിന്തുണ ഉണ്ടെന്നും സുധാകരൻ പറഞ്ഞു.
കേവല രാഷ്ട്രീയ നേട്ടത്തിനായി കേരളത്തിൻറെ മതസൗഹാർദ്ദ അന്തരീക്ഷത്തിൻറെ കടയ്ക്കൽ കത്തി വയ്ക്കുന്ന സമീപനമാണ് സിപിഎം – ബിജെപി സഖ്യത്തിനുള്ളത്. ഏകവ്യക്തി നിയമം കേരളത്തിലെ മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന വിഷയം എന്ന മട്ടിലാണ് സിപിഎം അവതരിപ്പിക്കുന്നത്. എല്ലാവിഭാഗം ജനങ്ങളെയും രാജ്യത്തിൻറെ മതേതരത്വത്തെയും ബഹുസ്വരതയേയും ബാധിക്കുന്നതുമായ ഗുരുതരമായ വിഷയമാണിത്. ദേശീയ തലത്തിൽ ഈ വിഷയം കൈകാര്യം ചെയ്യാൻ കോൺഗ്രസിനെ സാധിക്കൂ. കേരളമൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും വട്ട പൂജ്യമായ സിപിഎമ്മിന് എങ്ങനെ ഒരു ദേശീയ വിഷയം കൈകാര്യം ചെയ്യാനാകുമെന്നും സുധാകരൻ പരിഹസിച്ചു.