ജയ്പുര്‍: ദിവസങ്ങള്‍ക്ക് മുന്‍പ് നാലംഗസംഘം വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം കിണറ്റില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ കരൗലി സ്വദേശിയായ 19-കാരിയുടെ മൃതദേഹമാണ് വെടിയേറ്റനിലയില്‍ കഴിഞ്ഞദിവസം കിണറ്റില്‍നിന്ന് കണ്ടെടുത്തത്. അതിനിടെ, സംഭവത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ കുറ്റപ്പെടുത്തി പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തി. അശോക് ഗെഹ്ലോത് സര്‍ക്കാരിന് കീഴില്‍ സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണെന്ന് ബി.ജെ.പി.യും ബി.എസ്.പി.യും ആരോപിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം സൂക്ഷിച്ച ആശുപത്രിക്ക് മുന്നില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ പ്രതിഷേധ ധര്‍ണയും സംഘടിപ്പിച്ചു.
ബുധനാഴ്ചയാണ് 19 വയസ്സുള്ള ദളിത് പെണ്‍കുട്ടിയെ നാലംഗസംഘം വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. പുലര്‍ച്ചെ മൂന്നുമണിയോടെ വീട്ടില്‍ അതിക്രമിച്ചുകയറിയ നാലുപേര്‍ വായില്‍ തുണിതിരുകിയ ശേഷം മകളെ തട്ടിക്കൊണ്ടുപോയെന്നാണ് പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴി. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാന്‍ കൂട്ടാക്കിയില്ലെന്നും സ്റ്റേഷനില്‍നിന്ന് പോകാനാണ് തന്നോട് ആവശ്യപ്പെട്ടതെന്നും അമ്മ പറഞ്ഞു. ഇതോടെ പോലീസിനെതിരേയും സംസ്ഥാന സര്‍ക്കാരിനെതിരേയും പ്രതിഷേധം ശക്തമാകുകയായിരുന്നു.
അതിനിടെ, കേസുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായും മറ്റുപ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പ്രതികരിച്ചു.
പെണ്‍കുട്ടി ബലാത്സംഗത്തിനിരയായോ എന്നത് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്നും മൃതദേഹത്തില്‍ വെടിയേറ്റ മുറിവുകളുണ്ടെന്നും കരൗലി എസ്.പി. മംമ്ത ഗുപ്തയും മാധ്യമങ്ങളോട് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും വെടിയേറ്റാണ് പെണ്‍കുട്ടിയുടെ മരണം സംഭവിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തലെന്നും അവര്‍ വ്യക്തമാക്കി. ഫൊറന്‍സിക് പരിശോധനയ്ക്ക് ശേഷം മാത്രമേ ബലാത്സംഗം നടന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്നും എസ്.പി. പറഞ്ഞു.