തിരുവനന്തപുരം: സില്‍വര്‍ലൈൻ പദ്ധതിക്ക് ബദല്‍ പദ്ധതിയൊരുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കങ്ങളില്‍ സംശയങ്ങളുണ്ടെന്ന് കോണ്‍ഗ്രസ് എംപി കെ.മുരളീധരൻ.
‘ഡല്‍ഹിയിലെ സര്‍ക്കാര്‍ പ്രതിനിധിയായകെ.വി.തോമസ് ഇ ശ്രീധരനെ കണ്ടയുടൻ കോടികളുടെ പദ്ധതിയുടെ റിപ്പോര്‍ട്ട് തയ്യാറാകുന്നതില്‍ സംശയമുണ്ട്.
ബദല്‍ പദ്ധതിയെ കുറിച്ച് പഠിക്കാതെ അതേ സംബന്ധിച്ച് അഭിപ്രായം പറയാൻ കഴിയില്ലെങ്കിലും അതുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ സര്‍ക്കാര്‍ പ്രതിനിധിയായ കെ.വി.തോമസിനെ മുന്നില്‍ നിര്‍ത്തിയുള്ള നീക്കങ്ങളില്‍ സംശയമുണ്ട്’ -കെ.മുരളീധരൻ പറഞ്ഞു.
‘കെ.വി.തോമസ് ഒരു ദിവസം ശ്രീധരന്റെ വീട്ടില്‍ എത്തുന്നു. അവിടെ നിന്ന് ഭക്ഷണം കഴിച്ച്, സില്‍വര്‍ലൈൻ നടപ്പാക്കാനുള്ള സഹായം തേടുന്നു.സില്‍വര്‍ലൈൻ പ്രായോഗികമല്ലെന്നും മറ്റു ചില നിര്‍ദേശങ്ങള്‍ ഞാൻ തരാമെന്നും ശ്രീധരൻ പറയുന്നു. അടുത്ത ദിവസം തന്നെ ശ്രീധരൻ കുറിപ്പ് നല്‍കുന്നു. ഇത്രയേറെ കോടികള്‍ ചെലവ് വരുന്ന പദ്ധതിയുടെ കുറിപ്പാണ് ഒരു ദിവസത്തിനുള്ളില്‍ നല്‍കുന്നത്. കുറിപ്പ് ഡല്‍ഹിയിലെത്തിയ സമയത്ത് തന്നെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ശ്രീധരനെ കാണുന്നു.
ഇത് അതിവേഗ റെയില്‍പാതയുടെ കുറിപ്പാണോ അതോ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംപിമാരുടെ എണ്ണം കുറയ്ക്കാനുള്ള പാതയുടെ കുറിപ്പാണോ എന്നാണ് അറിയേണ്ടത്-‘ മുരളീധരൻ പറഞ്ഞു.