ജയ്പൂർ: കൊലക്കേസിൽ പ്രതിയായ ഗുണ്ടാ നേതാവിനെ ഒരു സംഘം ആളുകൾ വെടിവെച്ചു കൊന്നു. ബിജെപി നേതാവ് കൃപാൽ ജാഗിനയെ കൊലപ്പെടുത്തിയ കേസിൽ നേരത്തെ അറസ്റ്റിലായ കുൽദീപ് ജഗിന എന്ന ഗുണ്ടാ നേതാവിനെയാണ് ബുധനാഴ്ച രാജസ്ഥാനിലെ ഭരത്പൂരിൽ പൊലീസ് കസ്റ്റഡിയിൽ വെച്ച് വെടിവെച്ചു കൊന്നത്. ജയിലിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു കൊലപാതകം. കേസിലെ മറ്റൊരു പ്രതിയായ വിജയ്പാൽ എന്നയാൾക്കും വെടിവെപ്പിൽ പരിക്കേറ്റിട്ടുണ്ട്.
ജയ്പൂരിലെ ജയിലിൽ നിന്ന് ഭരത്പൂർ കോടതിയിലേക്കാണ് കുൽദീപ് ജഗിനയെ പൊലീസുകാർ കൊണ്ടുവന്നത്. ജയ്പൂർ – ആഗ്ര നാഷണൽ ഹൈവേയിൽ ജില്ലാ ആസ്ഥാനത്തു നിന്ന് 40 കിലോമീറ്റർ അകലെയുള്ള അമോലി ടോൾ പ്ലാസയ്ക്ക് സമീപം വാഹനം എത്തിയപ്പോൾ ഇവിടെ കാത്തിരുന്ന കൊലയാളി സംഘം പൊലീസുകാരുടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം വെടിവെച്ചു കൊല്ലുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഏതാനും പൊലീസുകാർക്കും വെടിവെപ്പിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ ഭരത്പൂർ ബിആർഎം ആശുപത്രിയിലേക്ക് മാറ്റി.
വിചാരണയ്ക്കായി പ്രതികളെയും കൊണ്ട് പോവുകയായിരുന്ന പൊലീസ് വാഹനം ദേശീയ പാതയിൽ ടോൾ പ്ലാസയ്ക്ക് സമീപം തടഞ്ഞിട്ട ശേഷമാണ് പൊലീസുകാരുടെ മുഖത്ത് മുളകു പൊടി വിതറുകയും കുൽദീപ് ജഗിനയെ വെടിവെച്ചു കൊല്ലുകയും ചെയ്തത്. പല തവണ വെടിയുതിർത്ത് മരണം ഉറപ്പാക്കിയ ശേഷമാണ് സംഘം സ്ഥലംവിട്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും കുൽദീപ് ജഗിനയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രിയിലും പരിസരത്തും വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
2022 സെപ്റ്റംബറിൽ ബിജെപി നേതാവ് കൃപാൽ ജാഗിനയെ കൊലപ്പെടുത്തിയ കേസിലാണ് കുൽദീപ് ജഗിന അറസ്റ്റിലാവുന്നത്. ഭരത്പൂരിലെ ഒരു സ്ഥലം സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിലാണ് കൃപാൽ ജാഗിനയെ, കുൽദീപ് ജഗിന ഉൾപ്പെടെ അഞ്ച് പേർ ചേർന്ന് വെടിവെച്ചു കൊന്നത്. സംഭവം നടന്ന് 48 മണിക്കൂറിനകം തന്നെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗോവയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മഹാരാഷ്ട്രയിൽ വെച്ചാണ് ഇവർ അറസ്റ്റിലായത്.