IndiaNEWS

ബാലസോര്‍ ട്രെയിൻ അപകടം;ഏഴ് ജീവനക്കാരെ റെയില്‍വെ സസ്പെൻഡ് ചെയ്തു

ബാലസോർ: ഒഡീഷയിലെ ബാലസോർ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് ഏഴ് ജീവനക്കാരെ റെയില്‍വെ സസ്പെൻഡ് ചെയ്തു.
 
ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തത്.
ഡ്യൂട്ടി സമയങ്ങളില്‍ ജാഗ്രത പാലിക്കാത്തതിന് സ്റ്റേഷൻ മാസ്റ്റര്‍, ട്രാഫിക് ഇൻസ്‌പെക്ടര്‍, മെയിന്റനര്‍ എന്നിവരുള്‍പ്പെടെ 7 പേരെയാണ് സസ്‌പെൻഡ് ചെയ്തതെന്ന് സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ അനില്‍ കുമാര്‍ മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.

ഉദ്യോഗസ്ഥര്‍ ജാഗ്രത കാട്ടിയിരുന്നില്ലെങ്കില്‍ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സൗത്ത്-ഈസ്റ്റേണ്‍ റെയില്‍വേയുടെ പുതിയ ജിഎമ്മും ഡിആര്‍എമ്മും കഴിഞ്ഞ ബുധനാഴ്ച ബഹനാഗ ബസാര്‍, ബാലസോര്‍ റെയില്‍വേ സ്റ്റേഷനുകള്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 7 ജീവനക്കാരെ സസ്പെൻഡ് ചെയ്ത് ഉത്തരവിറങ്ങിയത്.
അതേസമയം ബാലസോര്‍ ദുരന്തവുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് റെയില്‍വേ ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. സീനിയര്‍ സെക്ഷൻ എഞ്ചിനീയര്‍ (സിഗ്നല്‍) അരുണ്‍ കുമാര്‍ മഹന്ത, സെക്ഷൻ എഞ്ചിനീയര്‍ മുഹമ്മദ് അമീര്‍ ഖാൻ, ടെക്നീഷ്യൻ പപ്പു കുമാര്‍ എന്നിവരാണ് സിബിഐ അറസ്റ്റ് ചെയ്തിരുന്നത്. ഇവരെ കഴിഞ്ഞ ദിവസം നാല് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടിരുന്നു.

Back to top button
error: