തൃശ്ശൂർ: തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ശസ്ത്രക്രിയ്ക്ക് 3000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ പിടിയിലായ ഡോക്ടർക്ക് തൃശ്ശൂരിലും കൊച്ചിയിലും സ്വന്തമായി വീട്. രണ്ട് വീട്ടിലും ഇന്ന് റെയ്ഡ് നടന്നു. തൃശ്ശൂർ മുളങ്കുന്നത്തുകാവിലെ വീട്ടിൽ വിവിധ ഇടങ്ങളിലായി ഒളിപ്പിച്ച പണം കണ്ടെത്തി. 15,20,645 (പതിനഞ്ച് ലക്ഷത്തി ഇരുപതിനായിരത്തി അറുനൂറ്റിനാല്പത്തിയഞ്ച്) രൂപയാണ് ആകെ കണ്ടെത്തിയത്. വീട്ടിനകത്ത് രണ്ടാം നിലയിലെ കിടപ്പുമുറിയിൽ കിടക്കയ്ക്ക് അടിയിലും അലമാരയിലും സഞ്ചികളിലുമായാണ് പണം സൂക്ഷിച്ചിരുന്നത്.
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എല്ലുരോഗ വിഭാഗം സര്‍ജനാണ് ഡോ. ഷെറി ഐസക്. പാലക്കാട് സ്വദേശിയാണ് ഡോക്ടര്‍ ഷെറി ഐസക്കിനെതിരെ വിജിലന്‍സിനെ സമീപിച്ചത്. ഭാര്യയുടെ ശസ്ത്രക്രിയക്ക് എത്തിയതായിരുന്നു ഇയാള്‍. രണ്ടാഴ്ചയായിട്ടും ഡോക്ടര്‍ ശസ്ത്രക്രിയക്ക് തീയതി നല്‍കുന്നില്ലെന്നായിരുന്നു പരാതി. ഒടുവില്‍ ഓട്ടുപാറയില്‍ താന്‍ ഇരിക്കുന്ന ക്ലിനിക്കിലെത്തി 3000 രൂപ നല്‍കിയാല്‍ ശസ്ത്രക്രിയക്ക് തീയതി നല്‍കാമെന്ന് ഡോക്ടര്‍ പരാതിക്കാരനോട് പറയുകയായിരുന്നു. ഭര്‍ത്താവിന്‍റെ പരാതിയില്‍ ഫിനോള്‍ഫ്‌തലിന്‍ പുരട്ടിയ നോട്ട് വിജിലന്‍സ് കൊടുത്തയച്ചു. പിന്നാലെയാണ് അറസ്റ്റുണ്ടായത്.
മുളങ്കുന്നത്തുകാവില്‍ കണ്ടെത്തിയ നോട്ടുകെട്ടുകളിൽ രണ്ടായിരം രൂപയുടെ 25 നോട്ടുകളുടെ ഒരു കെട്ട് കണ്ടെത്തി. കൈക്കൂലി വാങ്ങിയ കവറടക്കമാണ് പിടികൂടിയത്. നേരത്തെയും ഷെറി ഐസക്കിനെതിരെ നിരവധി പരാതികൾ മെഡിക്കല്‍ കോളെജിലെത്തിയിരുന്നു. മാര്‍ച്ച് 9ന് ശസ്ത്രക്രിയക്കായി ചാലക്കുടി സ്വദേശിയില്‍ നിന്ന് 3500 രൂപ വാങ്ങിയെന്ന പരാതിയും എത്തിയിരുന്നു. മെഡിക്കല്‍ കോളേജ് ഇത് ശരിവച്ചെങ്കിലും ഡിഎംഇ തലത്തില്‍ അന്വേഷണമല്ലാതെ നടപടികളൊന്നും ഉണ്ടായില്ല.