റോം: കാമുകിക്ക് 906.29 കോടി രൂപയുടെ സമ്പാദ്യം നീക്കി വച്ച് ഇറ്റലിയുടെ മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്കോണി. 2023 ജൂണ്‍ 12ന് 86 ാം വയസിലാണ് സില്‍വിയോ ബെര്‍ലുസ്കോണി അന്തരിച്ചത്. ബെര്‍ലുസ്കോണി തന്റെ സ്വത്തില്‍നിന്ന് 100 മില്യന്‍ യൂറോ (9,05,86,54,868 രൂപ) മുപ്പത്തിമൂന്നുകാരിയായ കാമുകി മാര്‍ത്ത ഫസീനയ്ക്ക് നല്‍കിയതായി രാജ്യാന്തര മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. നാലു തവണ ഇറ്റലിയുടെ പ്രധാനമന്ത്രിയായ ബെര്‍ലുസ്കോണിയുടെ ആസ്തി ഏതാണ്ട് ആറു ബില്യന്‍ യുറോ (54,000 കോടി രൂപ) യാണ്.
രണ്ട് തവണ വിവാഹ മോചനം നേടിയിട്ടുള്ള സില്‍വിയോ ബെര്‍ലുസ്കോണി മാര്‍ത്താ ഫാസിനയെ ഔദ്യോഗികമായി വിവാഹം ചെയ്തിരുന്നില്ല. എന്നാല്‍ മതപരമായി രഹസ്യമായി 2022 ല്‍ വിവാഹം ചെയ്തിരുന്നു. 1994ല്‍ ബെര്‍ലുസ്കോണി രൂപീകരിച്ച ഫോര്‍സ ഇറ്റാലിയ പാര്‍ട്ടി അംഗമായ മാര്‍ത്ത 2018 മുതല്‍ പാര്ലമെന്്റംഗമാണ്. 2020 ലാണ് ബര്‍ലുസ്കോണിയുമായി അടുക്കുന്നത്.
അതേസമയം, ബെര്‍ലുസ്കോണിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ നിയന്ത്രണം അദ്ദേഹത്തിന്റെ മൂത്ത മക്കളായ മറിനയ്ക്കും പിയര്‍ സില്‍വിയോയ്ക്കുമാണ്. ഇവര്‍ക്ക് കുടുംബസ്വത്തിന്റെ 53 ശതമാനം ഓഹരിയും നല്‍കിയിട്ടുണ്ട്. അതുപോലെ തന്റെ സഹോദരന് 100 മില്യന്‍ യുറോയും മുന്‍ സെനറ്റര്‍ക്ക് 30 മില്യന്‍ യുറോയും ബെര്‍ലുസ്കോണി വില്പത്രത്തില് നീക്കിവച്ചിട്ടുണ്ട്. ബാക്കിയുള്ള സ്വത്തുവകകളെല്ലാം തന്റെ അഞ്ചു മക്കള്‍ക്കും തുല്യമായി നല്‍കുമെന്നും ബെര്‍ലുസ്കോണി വില്പത്രത്തില് എഴുതിവച്ചിട്ടുണ്ട്.
മിലാനിലെ സാന്‍ റഫേല്‍ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് ജൂണ്‍ 12 നാണ് സില്‍വിയോ ബെര്‍ലുസ്കോണി (86) അന്തരിച്ചത്. ശതകോടീശ്വരനും മാധ്യമവ്യവസായിയുമായ ബെര്‍ലുസ്കോണി, 1994ലാണ് ആദ്യമായി അധികാരത്തില്‍ വരുന്നത്. 2011 വരെയുള്ള കാലയളവില്‍ നാലു തവണ പ്രധാനമന്ത്രിയായി. അദ്ദഹത്തിന്റെ പാര്‍ട്ടിയായ ഫോര്‍സ ഇറ്റാലിയ പാര്‍ട്ടി, നിലവില്‍ ഇറ്റലിയിലെ ഭരണകക്ഷിയുമായി സഖ്യത്തിലാണ്.