KeralaNEWS

ഒരുദിവസം പാര്‍ട്ടി രണ്ട്; മെമ്പര്‍ സുബ്രഹ്‌മണ്യന്റെ രാഷ്ട്രീയസത്യാന്വേണ യാത്രകള്‍ തുടരുന്നു

തൃശൂര്‍: പാവറട്ടി പഞ്ചായത്തിലെ 14-ാം വാര്‍ഡ് അംഗം ടി.കെ. സുബ്രഹ്‌മണ്യന് പാര്‍ട്ടി മാറല്‍ ഒരു ‘ഹോബിയാണ്’. ഒരു ദിവസംതന്നെ രണ്ടുപാര്‍ട്ടിയിലേക്കാണ് പല കാരണങ്ങള്‍ പറഞ്ഞുള്ള മാറ്റം.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജയിച്ചത് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പം. ഏഴുമാസങ്ങള്‍ക്കുശേഷം നേതാക്കളുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് എല്‍.ഡി.എഫിനൊപ്പം നില്‍ക്കുന്ന മാണി ഗ്രൂപ്പിലേക്ക്. പിറ്റേന്നുതന്നെ യു.ഡി.എഫിനൊപ്പം നില്‍ക്കുന്നതാണ് ഉചിതമെന്ന് തോന്നിയപ്പോള്‍ കോണ്‍ഗ്രസിലേക്ക് വന്നു. ഇപ്പോഴിതാ വെള്ളിയാഴ്ച രാവിലെ വീണ്ടും കേരള കോണ്‍ഗ്രസ് ജോസഫിലേക്കെന്നു പറഞ്ഞ് പത്രസമ്മേളനം. നേതാക്കള്‍ ടി.കെ. സുബ്രഹ്‌മണ്യനെ സ്വീകരിക്കുകയും ചെയ്തു.

Signature-ad

കഴിഞ്ഞ ദിവസം പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍ കുമാറിനെ കൂറുമാറ്റ നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യയാക്കിയിരുന്നു. തന്റെ സ്ഥാനവും പോകുമോ എന്ന ആശങ്കയാണ് തിരിച്ചുവരവിന് കാരണമെന്ന് സുബ്രഹ്‌മണ്യന്‍ പറഞ്ഞു. നേരം ഉച്ചയായതോടെ നിലപാടില്‍ വീണ്ടും മാറ്റം.

ജോസഫ് വിഭാഗം നേതാക്കള്‍ ഭീഷണിപ്പെടുത്തി സ്ഥാനം തെറിപ്പിക്കുമെന്ന് പറഞ്ഞതിന്‍പ്രകാരമാണ് പത്രസമ്മേളനം നടത്തിയതെന്ന് സുബ്രഹ്‌മണ്യന്‍ പറഞ്ഞു. പത്രസമ്മേളനത്തിന് ശേഷം ഇദ്ദേഹം നിയമോപദേശം തേടുകയും തന്നെ അയോഗ്യനാക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കി കോണ്‍ഗ്രസില്‍ത്തന്നെ ഉറച്ചുനില്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തു. സുബ്രഹ്‌മണ്യനെ കേരള കോണ്‍ഗ്രസിനൊപ്പം നിര്‍ത്തി പാവറട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിനോട് ആവശ്യപ്പെടാനിരിക്കുകയായിരുന്നു കേരള കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് കമ്മിഷനില്‍ സുബ്രഹ്‌മണ്യനെ അയോഗ്യനാക്കാന്‍ വേണ്ടി പരാതി നല്‍കുമെന്നും കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എന്‍.ജെ. ലിയോ പറഞ്ഞു.

സുബ്രഹ്‌മണ്യന്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച വിവരം യു.ഡി.എഫ്. ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് പാവറട്ടി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ആന്റോ ലിജോ പറഞ്ഞു.

 

 

Back to top button
error: